തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച തേക്കിൻതടി പിടികൂടി

തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ചിൽ പിടികൂടിയ തേക്കിൻതടികൾ
കാട്ടാക്കട
പത്തനംതിട്ടയിൽനിന്ന് വെള്ളറടവഴി നാഗർകോവിലേക്ക് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലയുള്ള തേക്കിൻതടികൾ പരുത്തിപ്പള്ളി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആര്യങ്കോട് മഞ്ചംകോട് ഇടക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ പി എസ് ഷാജു (43), അമ്പൂരി കോവല്ലൂർ കണ്ണൂരിൽ റോഡരികത്തുവീട്ടിൽ ഷൈജു (39), കാട്ടാക്കട കുളത്തുമ്മൽ കുളങ്ങര സതീഷ് കുമാർ (53) എന്നിവരാണ് അറസ്റ്റിലായത്. ഉഴമലയ്ക്കൽ കുളപ്പയിൽവച്ചാണ് കെഎൽ 19പി6043 നമ്പർ ടോറസ് ലോറിയും 46 തേക്കിൻതടികളും പിടികൂടിയത്. പ്രതികളെ നെടുമങ്ങാട് വനം കോടതി മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കും. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി വിപിൻ ചന്ദ്രൻ, എസ്എഫ് ജിജിമോൻ, രമ്യ, രാജേഷ് എന്നിവരാണ് പരിശോധന നടത്തിയത്. കേരളത്തിലെ തെക്കൻ ജില്ലകളിൽനിന്ന് തേക്കടക്കമുള്ള ഉരുളൻ തടികൾ തമിഴ്നാട്ടിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. വെള്ളറടവഴി നാഗർകോവിലിലേക്കും ആര്യങ്കാവ് വഴി ചെങ്കോട്ടയിലേക്കുമാണ് പ്രധാനമായും കടത്ത്. തമിഴ്നാട്ടിലേക്കുള്ള തടിയൊഴുക്ക് സംസ്ഥാനത്ത് തടിയുടെ അഭാവവും വിലക്കയറ്റവും രൂക്ഷമാക്കുന്നു.








0 comments