ദൃഢപ്പെടുത്തിയത് കളർഫുൾ ലൈഫ്

തിരുവനന്തപുരം നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഫോർട്ട് വാർഡിലെ സീതാലക്ഷ്മിയുടെ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭാ ജീവനക്കാർ കോൺക്രീറ്റ് ചെയ്യുന്നു
തിരുവനന്തപുരം
മേയർ ചാന്ത് കുഴച്ചു, നഗരസഭാ ജീവനക്കാർ കോൺക്രീറ്റു ചെയ്തു. മണിക്കൂറുകളോളം മേയറും ജീവനക്കാരും ഒന്നിച്ച് പ്രവർത്തിച്ചതോടെ യാഥാർഥ്യമായത് തിരുവനന്തപുരം ഫോർട്ട് വാർഡിലെ സീതാലക്ഷ്‌മിയമ്മയുടെ വീടെന്ന സ്വപ്‌നം. ചുടുകട്ടകൊണ്ട് നിർമിച്ച പൊളിഞ്ഞുവീഴാറായ വീട്ടിൽ ആ വയോധികയും മകനും കഴിഞ്ഞത് 48 വർഷം.‘ലൈഫി’ന്റെ തണലിൽ വീട് ലഭിച്ചതോടെ മറഞ്ഞ പുഞ്ചിരി വീണ്ടെടുത്തു. പലകാരണങ്ങളാൽ വീടുപണി നിർത്തിവയ്‌ക്കേണ്ടി വന്നു. മേയർ ആര്യ രാജേന്ദ്രനും സഹപ്രവർത്തകരും നഗരസഭാ തൊഴിലാളികളും ഒറ്റ മനസ്സായതോടെ ലൈഫ് തിരിച്ചു പിടിച്ച സന്തോഷത്തിലാണ് സീതാലക്ഷ്‌മിയമ്മ. "വീട് പുതുക്കി പണിയുന്നതിന് ലൈഫ് പദ്ധതിയിലൂടെ തുക അനുവദിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിയാത്തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം അദാലത്ത് സംഘടിപ്പിച്ചിരുന്നു. അതിൽ സീതാലക്ഷ്‌മിയമ്മയുടെ പ്രശ്‌നവും ഉണ്ടായിരുന്നു. ഓഫീസിലെ (മേയർ സെക്ഷൻ/മേയർസ് സെൽ) ജീവനക്കാരുടെകൂടി പങ്കാളിത്തത്തോടെ വീട് കോൺക്രീറ്റ് ചെയ്തു നൽകാം എന്ന് ഒരൊറ്റ മനസ്സോടെ തീരുമാനിക്കുകയായിരുന്നു. ഭവന പദ്ധതിയിലെ തുടർന്നുള്ള സഹായവും ഉപയോഗപ്പെടുത്തി എത്രയും വേഗം ഈ വീടിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നഗരത്തിലെ ഒരാൾക്കുപോലും കിടന്നുറങ്ങാൻ സ്വന്തമായി വീടില്ലാതിരിക്കാൻ പാടില്ല.–മേയർ പറഞ്ഞു.
പൂർത്തിയാക്കിയത് 3127 വീടുകൾ
ഇൗ ഭരണ സമിതി ഇതുവരെ 4590 ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയും അതിൽ 3127 വീട് നിർമാണം പൂർത്തിയാക്കുകയും ചെയ്തു. നിർമാണ പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള ഗുണഭോക്താക്കൾ, സഹായിക്കാൻ മനസ്സുള്ള സന്നദ്ധ പ്രവർത്തകർ, നിർമാണ സാമഗ്രികൾ സംഭാവന നൽകാൻ താൽപ്പര്യമുള്ളവർ (നഗരസഭയുമായി ബന്ധപ്പെട്ടവർ സാമ്പത്തിക സഹായം സ്വീകരിക്കുന്നതല്ല) എന്നിവർക്ക് 9447377477 എന്ന നമ്പരിൽ ബന്ധപ്പെടാം.









0 comments