സൈനിക് സ്‌കൂൾ വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചു

കഴക്കൂട്ടം
കഴക്കൂട്ടം സൈനിക് സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. അശ്വത്ത് (16), മാധവ് (15), കനിഷ്‌ക് (14) എന്നിവർക്കാണ് കടിയേറ്റത്. ആക്രമണത്തിൽ കൈവിരലറ്റ കനിഷ്‌ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ടുപേർക്കും പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്‌പ് നൽകി. ഞായർ രാവിലെയാണ് സംഭവം. ഗ്രൗണ്ടിന് സമീപം നിൽക്കുമ്പോഴാണ് വിദ്യാർഥികളെ തെരുവുനായ ആക്രമിച്ചത്. ഉടൻ സ്‌കൂൾ അധികൃതരെത്തി വിദ്യാർഥികളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനിക സ്കൂൾ ക്യാമ്പസിന്റെ പല ഭാഗത്തും മതിലുകൾ തകർന്നനിലയിലും കാടുകൾ വളർന്ന നിലയിലുമാണ്. നായകൾ പരിസരങ്ങളിൽ അലഞ്ഞുതിരിയുന്നുണ്ട്. സ്‌കൂൾ അധികൃതർ നിരവധിതവണ പരാതിപ്പെട്ടതിനെത്തുടർന്ന് ഏതാനും ദിവസം മുമ്പ് നഗരസഭ ജീവനക്കാരെത്തിയെങ്കിലും നായകളെ പിടികൂടിയില്ല. ചന്തവിളയിലും സൈനിക് സ്‌കൂൾ പ്രദേശത്തും നായശല്യം രൂക്ഷമാണെന്നും നിരവധിതവണ ബിജെപി കൗൺസിലറിനും നഗരസഭയ്‌ക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.










0 comments