ad
Deshabhimani

നാട് ദുരന്തമുഖത്ത്; മുഖ്യമന്ത്രി 
വിരുന്നുകളിൽ: വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2026, 12:00 AM | 1 min read

തിരുവനന്തപുരം

നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാൽ പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് വി ഡി സതീശൻ ചെയ്തത്. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി ഡി സതീശൻ പിണറായി വിജയനെ മാതൃകയാക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ഹെലികോപ്റ്റർ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് മാപ്പ് പറയണം. പ്രളയദുരിതാശ്വാസത്തിനോ അടിയന്തര ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ല, മറിച്ച് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് തിരുവനന്തപുരത്തുനിന്ന്‌ കൊച്ചിയിലേക്ക് രണ്ടുതവണ ഹെലികോപ്റ്റർ പറത്തിയത്. മുൻ സർക്കാരിന്റെ കാലത്ത് നാടിന്റെ അടിയന്തര ആവശ്യങ്ങൾക്കാണ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്നത്തെ ഭരണാധികാരികൾ സ്വന്തം സുഖസവാരിക്കാണ് ഉപയോഗിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം വായുവിൽ പറത്തിക്കളയുന്ന ഇത്തരം നടപടികളിലൂടെ ഭരണസംവിധാനത്തിന്റെ ഊന്നൽ എന്തിലാണെന്ന് വ്യക്തമായി. പൊതുമുതൽ ദുരുപയോഗം ചെയ്ത ഈ യാത്രയുടെ മുഴുവൻ ചെലവും മുഖ്യമന്ത്രിയിൽനിന്ന് തന്നെ ഈടാക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home