മലയോരത്തെ മൈതാനങ്ങളിൽ കായിക വിപ്ലവം

ആനാവൂർ മഡ് കോർട്ട് സ്റ്റേഡിയം
അഖിലേഷ് ആനാവൂർ
Published on Mar 31, 2026, 01:17 AM | 1 min read
വെള്ളറട
"വർഷങ്ങളായി ഞങ്ങൾ കാത്തിരുന്നതാണിത്. ഇത്രയും വലിയ മാറ്റം ഞങ്ങളുടെ ഗ്രാമങ്ങളിൽ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, മഴ പെയ്താൽ ചെളിക്കുളമാകുന്ന പറമ്പുകളിൽ പന്തുതട്ടിയിരുന്ന കഷ്ടകാലം ഇപ്പോൾ ഓർമയിൽ മാത്രം’ . നവീകരിച്ച കുന്നത്തുകാൽ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിലിരുന്ന് യുവ കായികതാരം റോഷൻ ആവേശത്തോടെ പറഞ്ഞു. ഇത് വെറുമൊരു വാക്കല്ല, നാടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകുനൽകി മലയോര മേഖലയിൽ നടന്ന വികസന കുതിപ്പിന്റെ സാക്ഷ്യപത്രമാണ്. പറഞ്ഞ വാക്ക് പാലിച്ച്, എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ സ്റ്റേഡിയം പദ്ധതികൾ ഓരോന്നായി നാടിന് സമർപ്പിക്കപ്പെട്ടു. രണ്ട് കോടി രൂപ ചെലവിൽ നവീകരിച്ച കുന്നത്തുകാൽ സ്റ്റേഡിയം മുതൽ മലയോരത്തെ ഉൾനാടൻ ഗ്രാമങ്ങളിലെ ചെറിയ ഗ്രൗണ്ടുകൾവരെ ഇന്ന് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. പൂർത്തിയായ വികസന വിപ്ലവം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം പ്രതിഭകൾ തളർന്നുപോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആനാവൂർ മഡ് കോർട്ട് സ്റ്റേഡിയവും മഞ്ചവിളാകത്തെ അത്യാധുനിക ടർഫും തുറന്നതോടെ ആ പരിമിതികൾ പഴങ്കഥയായി. കിളിയൂർ സാഗര ഗ്രന്ഥശാലയുടെ കീഴിൽ ഉയരുന്ന ഇൻഡോർ സ്റ്റേഡിയവും, ധനുവച്ചപുരം സ്കൂൾ മൈതാനത്തെ ഫ്ലഡ്‌ലൈറ്റ് സംവിധാനങ്ങളും വരുംതലമുറയ്ക്കുള്ള സർക്കാരിന്റെ വലിയ കരുതലാണ്.










0 comments