സ്വര്‍ണപ്പണയ തട്ടിപ്പ്
സിന്ധുകുമാരിയെ സ്ഥാപനങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

സിന്ധുകുമാരിയെ വെങ്ങാനൂരിലെ ധനകാര്യ സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
കോവളം
സ്വർണപ്പണയ തട്ടിപ്പിനെ തുടർന്ന് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി സിന്ധുകുമാരിയെ വിവിധ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സിന്ധുകുമാരിക്ക് അക്കൗണ്ട് ഉള്ള പൂങ്കുളത്തെ ബാങ്ക്, കെഎസ്എഫ്ഇയുടെ തമ്പാനൂർ ശാഖ, കോവളത്തെയും വെങ്ങാനൂരിലെയും സ്വകാര്യ ധനകാര്യ സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞു. പൂങ്കുളത്തെ ബാങ്കിലെ ഇവരുടെ അക്കൗണ്ടിൽ അഞ്ച് വർഷത്തിനിടെ ഏഴ് കോടിയുടെ ഇടപാടുകൾ നടന്നതായി പൊലീസ് പറഞ്ഞു. ഒരു വർഷത്തിനിടയിൽ 1.25 കോടിയുടെ ഇടപാടും നടന്നു. ഈ കാലയളവിലാണ് ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്ത ശേഷം ബുധനാഴ്ച കോടതിയിൽ തിരികെ നൽകും. വിഷയത്തില്‍ 21 പരാതികൾ വിഴിഞ്ഞം സ്‌റ്റേഷനിൽ ലഭിച്ചു. കേസ് ഫയൽ വിഴിഞ്ഞം പൊലീസ് ജില്ലാ ഡിസിആർബിക്ക് കൈമാറും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയുള്ള കേസാണ് വിഴിഞ്ഞം പൊലീസ് അന്വേഷിച്ചത്. സാമ്പത്തികത്തട്ടിപ്പുകേസ് ഉൾപ്പെടെയുള്ളവ ഡിസിആർബി അന്വേഷിക്കും. സ്വർണപ്പണയ തട്ടിപ്പ് സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ അഞ്ജു (28), വെങ്ങാനൂർ ചാവടിനട രാജ രാജീവ് സദനത്തിൽ ഐശ്വര്യ (32) എന്നിവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.








0 comments