വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റിനെ മാറ്റാൻ മുസ്ലിംലീഗിൽ ചരടുവലി

വേങ്ങര
വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിനെ മാറ്റാൻ മുസ്ലിംലീഗിൽ അണിയറ നീക്കം തകൃതി. കെ കെ മൻസൂർ കോയ തങ്ങളെ മാറ്റി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി കെ അബു ത്വാഹിറിനെ പ്രസിഡന്റാക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പാണക്കാടുനിന്ന് പച്ചക്കൊടി കാണിച്ചതായാണ് ലീഗ് പ്രവർത്തകർ പറയുന്നത്. നിലവിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ് അബു ത്വാഹിർ. കഴിഞ്ഞ ഡിസംബറിൽതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് അബു ത്വാഹിറിനെ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്തിലേക്ക് വേങ്ങരയിൽനിന്ന് വിജയിച്ച കുഞ്ഞാലിക്കുട്ടിയുടെ സഹോദരപുത്രൻ പി കെ അസ്‌ലുവിന് സ്ഥിരം സമിതി അധ്യക്ഷ പദവി നൽകിയതോടെ ഒരു കുടുംബത്തിന് വിവിധ തദ്ദേശസ്ഥാപനങ്ങിൽ ആധിപത്യം നൽകുന്നുവെന്ന എന്ന ആരോപണം പാർടിക്കത്തുതന്നെ ഉയർന്നു. ഇതിനെതിരെ തെരുവിൽ പോസ്‌റ്ററുകൾ നിറഞ്ഞു. ഇതോടെ അബു ത്വാഹിർ വിഭാഗം പിൻവാങ്ങുകയായിരുന്നു. ദീർഘകാലം പാർടിക്കകത്ത് പ്രവർത്തനം നടത്തിയ പലരേയും തഴഞ്ഞാണ് അബു ത്വാഹിറിന് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകിയതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. നിലവിലെ പ്രസിഡന്റ് മൻസൂർ കോയ തങ്ങളെ ഏതെങ്കിലും ബോർഡിലോ സ്ഥാപനങ്ങളിലോ മെമ്പറോ ഡയറക്ടറോ ആക്കി ഒതുക്കാനാണ് ശ്രമം. ഇതിനായി മൻസൂർ കോയ തങ്ങൾക്ക് ഭരണത്തിൽ ശോഭിക്കാൻ കഴിയുന്നില്ലെന്ന് വരുത്തിത്തീർക്കാൻ അബു ത്വാഹിർ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കയാണ്. അതേസമയം വ്യവസായികൂടിയായ അബു ത്വാഹിർ ജനങ്ങളെ ആകർഷിക്കുന്ന പരിപാടിയുമായി മുന്നോട്ടുപോയി പാർടി പ്രവർത്തകരുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുത്തതായാണ് വിവരം.










0 comments