ad
Deshabhimani

സിജു പറയുന്നു, ഞാനല്ലാതെ പിന്നെയാര്‌...

വയലിൽ ഒരുക്കിയ വിഷുക്കാഴ്ചയ്‌ക്കൊപ്പം കുടുംബവും സുഹൃത്തുക്കളുമൊത്ത്‌ സിജു

വയലിൽ ഒരുക്കിയ വിഷുക്കാഴ്ചയ്‌ക്കൊപ്പം കുടുംബവും സുഹൃത്തുക്കളുമൊത്ത്‌ സിജു

avatar
ബി ആർ അജീഷ്‌ ബാബു

Published on Apr 14, 2026, 12:00 AM | 1 min read

പാറശാല

വിള പിടിക്കില്ലെന്ന്‌ വിധിയെഴുതിയ ആ ഭൂമി നോക്കി സിജു സ്വയം ചോദിച്ചു, ഞാനല്ലാതെ പിന്നെയാര്‌... ഇന്നിപ്പോൾ വിളനിറഞ്ഞുകിടക്കുന്ന ആ പാടത്തിനറിയാം സിജു തന്നെ എല്ലാം. നിലമൊരുക്കിയതും വെള്ളമൊഴിച്ചതും വിളവെടുത്തതും... എല്ലാം. വെള്ളനിറത്തിൽ കൃഷിക്ക് യോഗ്യമല്ലാത്ത മണ്ണിൽ തടമൊരുക്കി ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെ കുളത്തൂർ ഊരംവിള വാഴോട്ടുകുഴിയിൽ എം എസ്‌ സിജു ഒറ്റയ്‌ക്കാണ് കൃഷിയിടം തയ്യാറാക്കിയത്. കെഎസ്‌ആർടിസിയിലെ കണ്ടക്ടർ ജോലിക്കിടയിൽ സമയം കണ്ടെത്തി നൂറുമേനിയും വിളയിച്ചു. കണിവെള്ളരി, കണിമത്തൻ, വിവിധയിനത്തിൽപ്പെട്ട തണ്ണിമത്തൻ, വിവിധയിനം പച്ചക്കറികൾ എന്നിങ്ങനെ വിളവെടുത്ത്‌ പാടത്ത്‌ വർണാഭമായ വിഷുക്കണി ഒരുക്കിയിരിക്കുകയാണ് സിജു. വേനൽക്കാല വിപണിയിലേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു തണ്ണിമത്തൻ കൃഷി. മുക്കസ, ജിയ, ഓറഞ്ച് മഞ്ച്, യെല്ലോ മഞ്ച്, സൂപ്പർ ക്യൂൻ, എൻ എസ് 295 എന്നീ തണ്ണിമത്തൻ ഇനങ്ങളും നാടൻ തണ്ണിമത്തൻ വിത്തുമാണ് പാകിയത്. ഷമാം, പൊട്ടുവെള്ളരി ഒപ്പം ഇടവിളയായി ചീരയും. തമിഴ്നാട്ടിലെ വിവിധ തോട്ടങ്ങളിൽ പോയി കർഷകരെ കണ്ട് കൃ ഷിരീതി മനസ്സിലാക്കി. ഓൺലൈൻവഴി വിത്ത് ശേഖരിച്ചു. പാറശാല ഡിപ്പോയിലെ കണ്ടക്ടറായ സിജു കളിയിക്കാവിളയിൽനിന്ന് പോത്തൻകോട്ടേക്ക് നടത്തിയ സർവീസിൽ കഴിഞ്ഞ ദിവസം 60 ഓളം യാത്രക്കാർക്ക് താൻ വിളയിച്ച തണ്ണിമത്തൻ പകുത്ത് നൽകിയിരുന്നു. നൂതന കൃഷി രീതികൾ പരീക്ഷിച്ച് വിജയിച്ച സിജുവിന്റെ നേതൃത്വത്തിൽ ഊരംവിള കർഷക കൂട്ടായ്മ സൂര്യകാന്തി ഫെസ്റ്റ്, മില്ലറ്റ്ഫെസ്റ്റ് തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. കൃഷി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുന്നു സിജു. തണ്ണിമത്തൻപാടം കാണാനും വാങ്ങാനുമായി വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളംപേർ എത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home