സ്ത്രീസുരക്ഷാ പെൻഷൻ : ആദ്യം സംശയം പിന്നെ സന്തോഷം...

എ ബി അൻസാർ
Published on Feb 13, 2026, 12:09 AM | 1 min read
പത്തനാപുരം
മാങ്കോട് വിളയിൽ പുത്തൻവീട്ടിൽ ഷീനയ്ക്ക് മൊബൈലിൽ ഒരു സന്ദേശം. ബാങ്ക് അക്കൗണ്ടിൽ 1000രൂപ ക്രെഡിറ്റ് ആയെന്നായിരുന്നു സന്ദേശം. ആദ്യം സംശയം തോന്നി. സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പെൻഷൻ തുകയാണ് അറിഞ്ഞതോടെ ആശ്ചര്യം. അപേക്ഷിച്ച് ഒരു മാസത്തിനുള്ളിൽ തുക അക്കൗണ്ടിൽവരുമെന്ന് കരുതിയില്ല. മകന്റെ ട്യൂഷൻ ഫീസ് എങ്ങനെ കൊടുക്കുമെന്നറിയാതെ വിഷമിച്ച് ഇരിക്കുമ്പോഴാണ് ഇത് കാണുന്നത്.
ഓടി ബാങ്കിലേക്ക്.
എൽഡിഎഫ് സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതി തിരുവനന്തപുരത്ത് മലയിൻകീഴ് ശാന്തംമൂലം ഗ്രൗണ്ടിൽ വ്യാഴം പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്ത മണിക്കൂറുകൾക്കകം മൈലുകൾക്കിപ്പുറം പത്തനാപുരം സ്വദേശിനി ഷീനയുടെ അക്കൗണ്ടിൽ 1000രൂപ ക്രെഡിറ്റായത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ് ക്ഷേമപെൻഷൻ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 മുതൽ 60വയസ്സുവരെയുള്ള സ്‌ത്രീകളും ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഗുണഭോക്താക്കൾ.
ബിപിഎൽ കുടുംബത്തിൽപ്പെട്ട വീട്ടമ്മമാർക്ക് ഒരു കൈത്താങ്ങാണ് പെൻഷൻ. സർക്കാർ പ്രഖ്യാപനം നടത്തിയത് അനുസരിച്ച് ഞങ്ങൾ അപേക്ഷിക്കാൻ കംപ്യൂട്ടർ സെന്ററിൽ പോകുന്ന വഴിക്ക് വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ഇത് കാണിക്കുമെന്ന് ഷീന പറയുമ്പോൾ കണ്ണുകളിൽ ഈ സർക്കാരിനോടുള്ള വിശ്വാസം തുളുന്പി. സർക്കാർ തുടരണം എന്നും യുഡിഎഫ് കാലത്ത് 600രൂപ ക്ഷേമപെൻഷൻ പ്രായമായവർക്ക് മുടക്കിയവരാണെന്നും ഷീന പറഞ്ഞു.










0 comments