വിമാനത്താവളത്തിൽ സുരക്ഷാവീഴ്‌ച
അപകടം ഒഴിവായത് പൈലറ്റിന്റെ ഇടപെടലിൽ

തിരുവനന്തപുരം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗുരുതര സുരക്ഷാവീഴ്ച. വിമാനത്തിന്റെ ലാൻഡിങ്ങിനിടെ ഉണ്ടായേക്കാവുന്ന അപകടം ഒഴിവായത് പൈലറ്റിന്റെ അടിയന്തര ഇടപെടലിൽ. ഇൻഡിഗോ, എയർഫോഴ്സ് വിമാനങ്ങളാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. വിമാനത്താവളത്തിനടുത്ത് മുട്ടത്തറയിൽ ലാൻഡിങ് സുരക്ഷാ നിയന്ത്രണമുള്ള മേഖലയിൽ കൂറ്റൻ ക്രെയിനിന്റെ മെയിൻ ബൂംഹെഡ് ഉയർന്നുനിന്നതാണ് വ്യോമപാതയിൽ വലിയ തടസ്സം സൃഷ്ടിച്ചത്. മാലിയിൽനിന്ന് ചൊവ്വ വൈകിട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ എടിആർ (6ഇ 1130) വിമാനത്തിന് എയർ ട്രാഫിക് കൺട്രോൾ ടവറിൽനിന്ന് ലാൻഡിങ് സിഗ്നൽ ലഭിച്ചിരുന്നു. തുടർന്ന് ലാൻഡിങ്ങിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് വിമാനത്തിന്റെ കോക്ക്പിറ്റ് മോണിറ്ററിൽ വ്യോമപാതയിലെ തടസ്സം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൈലറ്റ് ലാൻഡിങ് പൊസിഷനിൽനിന്ന് വിമാനം വേഗത്തിൽ മാറ്റി ആകാശത്തേക്ക് ഉയർത്തിപ്പറത്തുകയായിരുന്നു. തുടർന്ന് ലാൻഡിങ് തടസ്സപ്പെട്ട വിവരം പൈലറ്റ് എടിസിയിൽ അറിയിച്ചു. റൺവേയിൽ മറ്റ് തടസ്സങ്ങൾ കാണാത്തതിനെ തുടർന്ന് എടിസി ഉടൻ തന്നെ വിവരം കേന്ദ്ര ഏജൻസികളെ അറിയിച്ചു. കേന്ദ്ര ഏജൻസികളും പൊലീസും നടത്തിയ പരിശോധനയിലാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ‘ടെക്കോം' എന്ന സ്വകാര്യ ലോ ജിസ്റ്റിക് കമ്പനിയുടെ കൂറ്റൻ ക്രെയിൻ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം വിമാനത്താവളത്തിലെ ഗതാഗതം തടസ്സപ്പെട്ടു. ലാൻഡിങ്ങിനെത്തിയ വിമാനങ്ങൾ അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നശേഷമാണ് പിന്നീട് ലാൻഡിങ് പൂർത്തിയാക്കിയത്. പൂന്തുറ പൊലീസ് കേസെടുത്തു.





0 comments