മണ്ഡലകാലം പൊന്മുടിക്ക് ദുരിതകാലമോ

വിതുര
മണ്ഡലകാലത്തിന്റെ തുടക്കത്തിലേ പൊന്മുടിക്കാരെ ദുരിതത്തിലാക്കി കെഎസ്ആർടിസി. രാവിലെ ആറിന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന കെഎസ്ആർടിസി സ്റ്റേ ബസിന്റെ സർവീസ് നെടുമങ്ങാടുവരെയാക്കി ചുരുക്കി. സ്‌കൂൾ–കോളേജ് വിദ്യാർഥികൾ, മെഡിക്കൽ കോളേജടക്കം ആശുപത്രികളിലേക്ക് പോകുന്നവർ, ജോലിക്കാർ തുടങ്ങി നിരവധിയാളുകൾ ആശ്രയിക്കുന്ന ബസിന്റെ സേവനമാണ് ഇവിടത്തുകാർക്ക് നിഷേധിച്ചത്. പൊന്മുടി, കല്ലാർ, വിതുര പ്രദേശങ്ങളിലുള്ള സാധാരണക്കാരെ വിപരീതമായി ബാധിക്കുന്നതാണ് കെഎസ്ആർടിസിയുടെ തീരുമാനം. തിരുവനന്തപുരം നഗരത്തിലേക്ക് എത്തേണ്ടവർക്ക് നെടുമങ്ങാട്ടുനിന്ന് മറ്റൊരു ബസ് കണ്ടെത്തി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്തുനിന്ന് പകൽ 11ന് ആരംഭിച്ച് രണ്ടിന് പൊന്മുടിയിലെത്തി 2.40ന് തിരികെ പോകുന്ന സർവീസും കെഎസ്‌ആർടിസി നെടുമങ്ങാടുവരെയാക്കി ചുരുക്കിയത്. പരാതിപ്പെട്ടപ്പോൾ ഡ്യൂട്ടി പരിഷ്കരണം, ക്രൂ ചേഞ്ച് തുടങ്ങിയ ന്യായവാദങ്ങൾ നിരത്തുകയാണ് അധികൃതർ. യാത്രാക്ലേശം പരിഗണിച്ച് പൊന്മുടിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സ്റ്റേ കെഎസ്ആർടിസി ബസ് സർവീസും മറ്റ് സർവീസുകളും പഴയതുപോലെയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.





0 comments