ad
Deshabhimani

അഞ്ചാം ദിവസവും ജോണിനെ കണ്ടെത്താനായില്ല

തിരച്ചിൽ നിർജീവം 
സർക്കാർ ഇടപെടലില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2026, 12:00 AM | 2 min read

വിഴിഞ്ഞം

വള്ളം മറിഞ്ഞ്‌ കടലിൽ കാണാതായ ജോണിനുവേണ്ടിയുള്ള തിരച്ചിൽ നിർജീവം. ആറാം ദിവസമായിട്ടും ഫിഷറീസും തീരദേശ പൊലീസും ആഴക്കടലിലേക്ക്‌ പോയിട്ടില്ലെന്ന്‌ ആക്ഷേപം. ചൊവ്വ വൈകിട്ടോടെയാണ്‌ വള്ളം മറിഞ്ഞ സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞത്‌. കലക്‌ടറുമായി ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. സബ്‌കലക്‌ടറും ഡെപ്യൂട്ടി കലക്‌ടറും സംസാരിക്കാന്‍ തയ്യാറായെങ്കിലും പരുഷമായ ചോദ്യങ്ങളെ അതിജീവിച്ചാല്‍ മാത്രമാണ് ബന്ധുക്കള്‍ക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നത്‌. അതേസമയം തിരച്ചിലിന് നാവികസേനയുടെ സഹായം അഭ്യര്‍ഥിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. കുറഞ്ഞത് അഞ്ചുപേരെങ്കിലും അപകടത്തിൽപ്പെട്ടാൽ മാത്രമേ നാവികസേനയെ വിളിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു എം വിൻസെന്റ്‌ എംഎൽഎയുടെ പ്രതികരണം. ഫിഷറീസ് വിവരങ്ങള്‍ നൽകുന്നില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ തിരച്ചിലിനുപോയ മത്സ്യത്തൊഴിലാളികൾ വിവരം നൽകിയിരുന്നോ എന്നായിരുന്നു എംഎല്‍എയുടെ മറുചോദ്യം. നിലവില്‍ തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും, സാധാരണ വള്ളത്തിൽ വെറും പത്ത്‌ നോട്ടിക്കൽ മൈൽ മാത്രമാണ് തിരച്ചിലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഒമ്പത്, 25 എച്ച്‌പി എൻജിനുകൾ ഘടിപ്പിച്ച വള്ളം അപകടസ്ഥലത്തെത്താൻ അഞ്ചുമണിക്കൂറിലേറെ സമയമെടുക്കും. ആഴക്കടലിലേക്ക്‌ പോകുന്പോൾ ഇതിൽ വേണ്ടത്ര ഡീസൽ കരുതാനാകില്ല. അതിനാല്‍ കപ്പലിൽ തിരച്ചിൽ നടത്തണമെന്നാണ്‌ ബന്ധുക്കളുടെ ആവശ്യം. തീരത്ത് ഹെലികോപ്ടര്‍ പറത്തി തിരച്ചില്‍ പ്രഹസനം നടത്താനും സര്‍ക്കാര്‍ മറന്നില്ല. മത്സ്യത്തൊഴിലാളികൾ സ്വന്തം ചെലവിൽ അഞ്ച്‌ വള്ളമിറക്കിയാണ്‌ ആഴക്കടലിലെത്തി തിരച്ചിൽ തുടരുന്നത്‌. 23 നോട്ടിക്കൽ മൈൽ ദൂരംവരെ തിരഞ്ഞു. കോസ്‌റ്റ്‌ ഗാർഡിന്റെ രണ്ട്‌ വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും എത്ര നോട്ടിക്കൽ മൈൽ തിരച്ചില്‍ നടത്തിയെന്നതില്‍ വ്യക്തതയില്ല. ആകാശമാർഗം തിരച്ചിൽ നടത്തിയെന്ന്‌ കോസ്‌റ്റ്‌ഗാർഡ്‌ അവകാശപ്പെടുന്നുണ്ട്. 18 നോട്ടിക്കൽമൈൽ ദൂരത്തിനപ്പുറം അപകടം നടന്നതെന്നതിനാൽ കേന്ദ്രസഹായം ആവശ്യപ്പെടാം. സർക്കാർ അതിനും തയ്യാറായിട്ടില്ല. ജോണിനൊപ്പം അപകടത്തിൽപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയത് വള്ളത്തൊഴിലാളികളാണ്‌. ഇവരില്‍ രണ്ടുപേര്‍ക്കൊപ്പം കോസ്‌റ്റ്‌ഗാർഡ്‌ തിരച്ചിലിന് തയ്യാറെടുത്തെങ്കിലും ഓഫീസർമാർക്ക്‌ ഛർദി അനുഭവപ്പെട്ടതിനാൽ പൂവാറില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ച മാത്രമാണ് കോസ്റ്റ്ഗാര്‍ഡ് കപ്പലില്‍ തിരച്ചില്‍ നടത്താന്‍ തയ്യാറായത്. തിരച്ചില്‍ ഊര്‍ജിതമാക്കണമെങ്കില്‍ ഇനിയൊരു കപ്പല്‍ കൊച്ചിയില്‍നിന്ന് വരണം.

മുങ്ങൽവിദഗ്ധരുടെ സേവനം തേടൂ, അല്ലെങ്കിൽ ഞങ്ങളെ 
അനുവദിക്ക‍ൂ

ചിറയിൻകീഴ് ​

മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരുടെ സേവനം തേടണമെന്ന് ഷിജിന്റെ കുടുംബം ആവശ്യപ്പെട്ടു. അപകടം നടന്ന് അഞ്ച് ദിവസമായിട്ടും ഷിജിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് സംശയം. മുങ്ങൽ വിദഗ്ധരെ ലഭിച്ചില്ലെങ്കിൽ സർക്കാർ അനുമതി നൽകിയാൽ മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികൾ തിരച്ചിലിന് തയ്യാറാണെന്നും കുടുംബം പറയുന്നു. മത്സ്യത്തൊഴിലാളികൾ, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല. അപകടം നടന്ന് 15 മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇതിനെതിരെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home