Deshabhimani

വറ്റമീൻ വിൽപ്പന തടഞ്ഞു

vataa.jpg

പെരുമാതുറ ഹാര്‍ബറിലെ വറ്റ ചാകര (ഫയല്‍ ചിത്രം)

വെബ് ഡെസ്ക്

Published on Oct 30, 2026, 11:45 PM | 1 min read

വർക്കല

ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നൽകിയ നിർദേശത്തെ തുടർന്ന് വെട്ടൂർ പഞ്ചായത്ത് പരിധിയിൽ വറ്റമീൻ വിൽപ്പന തടഞ്ഞു. വർക്കല പൊലീസിന്റെ സഹായത്തോടെ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് പുത്തൻചന്ത, മരക്കടമുക്ക്, അയന്തി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി. 20 മുതൽ 25 കിലോവരെ തൂക്കമുള്ള വലിയ വറ്റയുടെ വിൽപ്പനയാണ് തടഞ്ഞത്. വറ്റമീൻ കഴിച്ചതിനെതുടർന്ന് 30 ഓളംപേർ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് സുജി അറിയിച്ചു. വ്യാപാരികൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അധികൃതർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ വിൽപ്പന നിർത്താൻ തയ്യാറായി. വ്യാപാരികളെയും ഉപഭോക്താക്കളെയും ബോധവൽക്കരിക്കുന്നതിനുള്ള നടപടി തുടരുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വർക്കല നഗരസഭാപരിധിയിലും വറ്റമീൻ കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഗ്രാലിയിൽകുന്ന് സ്വദേശികളായ അനസ്, ആമിന എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തീരദേശമേഖലയിൽ വറ്റമീൻ ചാകരയുണ്ടായി. തുടർന്ന് വിൽപ്പനയും വർധിച്ചിരുന്നു. മത്സ്യം വാങ്ങുമ്പോൾ അതീവജാഗ്രത പാലിക്കണമെന്നും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്നും നഗരസഭ അധികൃതർ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home