Deshabhimani

"അവരെത്തിയത്‌ കൊല്ലാനുറപ്പിച്ച്‌ '

MSF criminal gang
വെബ് ഡെസ്ക്

Published on Oct 31, 2026, 12:48 AM | 1 min read

മലപ്പുറം

കൊല്ലാൻ തന്നെയാണ്‌ എംഎസ്‌എഫ്‌ ക്രിമിനൽ സംഘം തങ്ങളെ മാരകായുധങ്ങളുമായി ആക്രമിച്ചതെന്ന്‌ ചികിത്സയിൽ കഴിയുന്ന എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എൻ ആദിലും പ്രസിഡന്റ്‌ എം സുജിനും പറഞ്ഞു. സംഘടനാ പ്രവർത്തനത്തിനിടെ നിരവധി പ്രക്ഷോഭങ്ങളും സംഘർഷങ്ങളും കണ്ടിട്ടുണ്ട്‌. എന്നാൽ എംഎസ്‌എഫ്‌ അക്രമം തീവ്രവാദികളുടെതുപോലെയായിരുന്നുവെന്ന്‌ ഇരുവരും പറഞ്ഞു. ‘കലിക്കറ്റ്‌ സർവകലാശാല ക്യാന്പസ്‌ യൂണിയൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന്‌ എംഎസ്‌എഫ്‌ സംഘം ക്യാന്പസിനകത്തും പുറത്തും വൻ അക്രമമാണ്‌ അഴിച്ചുവിട്ടത്‌. ഇതിൽ പരിക്കേറ്റ ചില എസ്‌എഫ്‌ഐ പ്രവർത്തകർ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെ സന്ദർശിക്കാനാണ്‌ വ്യാഴം രാത്രി പന്ത്രണ്ടരയോടെ ആശുപത്രിയിലെത്തിയത്‌. ഇതിനിടെ എംഎസ്‌എഫ്‌ ജില്ലാ പ്രസിഡന്റ്‌ ഫർഹാൻ ബിയ്യം ഇവിടെയെത്തി പരിസരം വീക്ഷിച്ചശേഷം കാറിൽ മടങ്ങി. അഞ്ചുമിനിറ്റിനകം രണ്ട് കാറുകളിലായി എത്തിയ 15 പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി അത്യാഹിത വിഭാഗത്തിലേക്ക്‌ ഇരച്ചുകയറി. വാതിൽ തുറക്കാൻ സമ്മതിക്കാതെ തള്ളിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആണിതറച്ച പട്ടിക, ഇരുന്പ്‌ വടി എന്നിവ ഉപയോഗിച്ച്‌ തലയ്‌ക്കും ദേഹമാസകലവും അടിച്ചു’– ആദിൽ പറഞ്ഞു. ഇരുവരുടെയും ദേഹത്ത്‌ ആണി തറച്ചുള്ള നിരവധി മുറിവുകളുണ്ട്‌. മർദനമേറ്റ്‌ കമിഴ്‌ന്നുവീണ ആദിലിനെ ഫയർ എസ്റ്റിംഗ്യുഷർ ഉപയോഗിച്ചും പട്ടികകൊണ്ടും മർദിച്ചു. ഇന്റർലോക്ക്‌ കട്ടകൊണ്ട്‌ തലയ്‌ക്കടിച്ചതോടെ മുൻവശത്തെ രണ്ട്‌ പല്ലും പൊട്ടി. തലയിൽ ആറ്‌ തുന്നലുണ്ട്‌. വലതുകൈയ്‌ക്ക്‌ പൊട്ടലും ഇടതുകൈമുട്ടിന്‌ ചതവുമുണ്ട്‌. ജില്ലാ പ്രസിഡന്റ്‌ സുജിന്റെ തലയിൽ എട്ട്‌ തുന്നലുണ്ട്‌. ഇടതു കൈയുടെയും വലതുകാലിന്റെയും എല്ല്‌ പൊട്ടി. മൂക്കിന്റെ പാലം പൊട്ടി ശസ്‌ത്രക്രിയയ്ക്ക്‌ നിർദേശിച്ചു. കണ്ണിനും സാരമായ പരിക്കുണ്ട്‌. പട്ടികകൊണ്ടുള്ള അടിയേറ്റ്‌ മുഖത്താകെ മുറിവേറ്റ സുജിനെ ഇരുന്പ്‌ വടികൊണ്ട്‌ കണ്ണിലേക്ക്‌ ആഞ്ഞടിച്ചാണ്‌ അക്രമികൾ സ്ഥലംവിട്ടത്‌. എംഎസ്‌എഫിന്റെ സംസ്ഥാന നേതാക്കളായ പി കെ മുബഷീർ, സൂഫിയാൻ വില്ലൻ, സഫ്‌വാൻ പത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്നും ഇരുവരും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home