അവർ അവന് ജോലി നൽകി; ഇപ്പോൾ വീടും
സ്‌നേഹത്തിന്റെ ചാന്തിൽ വിജിത്തിന് സ്വന്തം വീടൊരുങ്ങും

വിജിത്തിന് നിർമിക്കുന്ന വീടിന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ കല്ലിടുന്നു
തിരുവനന്തപുരം
ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞ വിജിത്തിന് അവർ ജോലി നൽകി, താമസിക്കാൻ വീടില്ലാത്ത അവന് ജോലിചെയ്യുന്നിടം വീടായി, അവിടുള്ളവർ വീട്ടുകാരുമായി. ഒടുവിൽ അവർ താമസിക്കാൻ വീടൊരുക്കുകയുമാണ്. ഇതൊരു സിനിമാകഥയല്ല, പൂജപ്പുരയിലെ സാമൂഹ്യനീതി–വനിതാ ശിശുവികസനവകുപ്പ് ജീവനക്കാരുടെ സഹകരണ സംഘത്തിലുള്ളവരുടെ ചേർത്തുപിടിക്കലിന്റെയും സ്‌നേഹത്തിന്റെയും റിയൽ സ്റ്റോറിയാണ്. ജുവനൈൽ ഹോമിലെ കെയർടേക്കർ രഞ്ജിത്ത് പൂജപ്പുരയിലെ സംഘം ഓഫീസിലേക്ക് വിജിത്തിനെയും കൂട്ടി എത്തിയത് ഏതാനും വർഷംമുമ്പാണ്. മുത്തശ്ശിയുംകൂടി മരിച്ചതോടെ അനാഥനായ യുവാവിന് ജോലി വേണം, പിന്നെ താമസിക്കാൻ സൗകര്യവും. കൂടിയാലോചനകൾ വൈകിയില്ല. സംഘം ഓഫീസിൽ താൽക്കാലിക ജോലി, താമസവും അവിടെത്തന്നെ. മാന്യമായ പെരുമാറ്റവും തൊഴിലിനോടുള്ള ആത്മാർഥതയും വിജിത്തിനെ ഏവരുടെയും പ്രിയങ്കരനാക്കി. പിന്നീട് ഒരു ബോർഡ് യോഗത്തിൽ അജൻഡ അവസാനിച്ചശേഷം പ്രസിഡന്റ് എസ് ഷിബു വിജിത്തിന് വീടുവയ്ക്കേണ്ടകാര്യം അവതരിപ്പിച്ചു. അതിനുടൻ പ്രതികരണമുണ്ടായി. ഒരു വനിതാഅംഗം സ്ഥലം നൽകാമെന്ന് പറഞ്ഞു. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. സ്ഥലം വിജിത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞദിവസം ഇൗ സ്ഥലത്ത് വീടിന്റെ നിർമാണം തുടങ്ങി. കല്ലിടുമ്പോൾ വയ്ക്കാനുള്ള സ്വർണം സ്ഥലം നൽകിയ ബോർഡംഗത്തിന്റെ അച്ഛനാണ് നൽകിയത്. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ നിർമാണത്തിന് കല്ലിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാര്‍, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബര്‍ട്ട്, ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ്‌കുമാർ, സഹകരണസംഘം ഭാരവാഹികളായ എസ് ഷിബു, സി സതീഷ്, സത്യനേശന്‍, ആർ വേണുനായര്‍, ടി ചിത്ര എന്നിവരും പങ്കെടുത്തു. എൻജിഒ യൂണിയന്‍, കെജിഒഎ നേതൃത്വത്തിലാണ് സംഘം ഭരണസമിതി.









0 comments