യുഡിഎഫിനെ വളഞ്ഞ് വിമതപ്പട

ബിമൽ പേരയം
Published on Nov 09, 2025, 12:00 AM | 1 min read
തിരുവനന്തപുരം
കോർപറേഷൻ സ്ഥാനാർഥി നിർണയം മൂന്നാംഘട്ടം പിന്നിട്ടപ്പോൾ കോൺഗ്രസിൽ വിമതരുടെ പടയൊരുക്കം. കെപിസിസി മുന്നോട്ടുവച്ച മാനദണ്ഡപ്രകാരം കോർകമ്മിറ്റികൾ തീരുമാനിച്ച സ്ഥാനാർഥികളെവരെ വെട്ടി ഇഷ്‌ടക്കാരെ കുത്തിനിറച്ചതിൽ പ്രതിഷേധിച്ചാണ് വിമതർ രംഗത്തെത്തിയത്. സീറ്റിന് അർഹതയുണ്ടായിട്ടും ഗ്രൂപ്പ് വൈരത്തിന്റെയും വ്യക്തിവിരോധത്തിന്റെയും പേരിൽമാത്രം ഒഴിവാക്കപ്പെട്ടവരുടെ അതൃപ്‌തിയും തലവേദനയായി. സ്ഥാനാർഥിപ്പട്ടികയിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് കോർകമ്മിറ്റി ചെയർമാൻസ്ഥാനം രാജിവച്ചിരുന്നു. യോഗത്തിൽ സ്ഥലം എംഎൽഎ എം വിൻസെന്റുമായി വാക്കേറ്റവുമുണ്ടായി. കെപിസിസി, ഡിസിസി, പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയപ്പോൾ ചുമതലയുള്ള കെ മുരളീധരൻ പരിഹസിച്ചതോടെ വിലകെട്ട് തുടരാനാകില്ലെന്ന സ്ഥിതിയിലാണ്. നേമത്ത് ബിജെപി ബന്ധം തുടരുന്ന മണ്ഡലം പ്രസിഡന്റ് നേമം രാജനെയും ബ്ലോക്ക് പ്രസിഡന്റ് അജിത് ലാലിനെയും മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ദിരാജി സെന്റർ പ്രവർത്തക കൂട്ടായ്‌മയും രംഗത്തെത്തി. എസ്റ്റേറ്റ്, പൊന്നുമംഗലം വാർഡുകളിൽ വിമതർ സ്ഥാനാർഥികളായി കളംപിടിച്ചു. നേമം രാജൻ, ജി വി ഹരി എന്നിവരെ ഒഴിവാക്കി ഷജീറിനെ തീരുമാനിച്ചതിലെ അതൃപ്തിയിൽ വിമതരായി ചിലർ നേമത്ത് മുന്നോട്ടുവന്നു. പുഞ്ചക്കരി വാർഡിൽ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ ജി കൃഷ്‌ണവേണിയാണ് വിമത. പ്രചാരണവും ആരംഭിച്ചു. പ്രാദേശികനേതൃത്വത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഹാർബർ വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ലത സുഗതൻ വിമത സ്ഥാനാർഥിയായേക്കും. കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉപേഷ് സുഗതൻ, വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ്‌കുമാർ ഉൾപ്പെടെ രാജിവച്ച അന്പതോളംപേർ കോൺഗ്രസ് പ്രഖ്യാപിച്ച എൽ നിസാബീവിക്കെതിരെ പ്രചാരണം ആരംഭിച്ചു. രാജിവച്ചവർ പോർട്ട്, വിഴിഞ്ഞം വാർഡുകളിൽ വിമതസ്ഥാനാർഥികളാകും. പൗണ്ട്‌കടവ്, ചെറുവയ്ക്കൽ വാർഡുകളിലും വിമതഭീഷണിയുണ്ട്. കാട്ടുപുതുശേരിയിൽ വിമതസ്ഥാനാർഥികൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 10 വാർഡിൽ ചുരുങ്ങിയ കോൺഗ്രസ് ഇത്തവണ കോർപറേഷൻ പിടിച്ചെടുക്കുമെന്ന ധാരണ പരത്താനാണ് ആദ്യമേ സ്ഥാനാർഥികളെ കളത്തിലിറക്കിയത്. ചിലർക്ക് നിയമസഭയിലേക്കുള്ള വഴിയടച്ചും സ്വന്തക്കാരെ മത്സരരംഗത്തിറക്കിയുമുള്ള തന്ത്രം ഫലത്തിൽ പാളി വൻതിരിച്ചടിയായി.









0 comments