ഹോങ്കോങ്ങ് തീപിടിത്തം: മരണം 44 ആയി, 279 പേരെ കാണാനില്ല; മൂന്നുപേർ അറസ്റ്റിൽ

Photo AFP
ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽ ദശാബ്ദങ്ങൾക്കിടെ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 279 പേരെ കാണാതായി. 62 പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റും പുക ശ്വസിച്ചതിനെ തുടർന്നുള്ള ബുദ്ധിമുട്ടുകളുമായാണ് പലരും ആശുപത്രിയിൽ പ്രവേശിച്ചത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തീപിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
വാങ് ഫുക് കോർട്ട് എന്ന ഉയർന്ന കെട്ടിട സമുച്ചയത്തിലാണ് ബുധനാഴ്ച തീ പടർന്നുപിടിച്ചത്. മരിച്ചവരിൽ 37 വയസ്സുള്ള ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ന്യൂ ടെറിട്ടറീസിലെ തായ് പോയിലാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഏഴ് നിലകളുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നു. ഏകദേശം 2,000 ഫ്ലാറ്റുകളുള്ള എട്ട് ടവറുകളാണ് ഈ കോംപ്ലക്‌സിലുള്ളത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച തീപിടുത്തം രാത്രി വൈകിയും നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ അധികൃതർ അപകട നില ലെവൽ 5-ലേക്ക് ഉയർത്തി.
അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച മുളകൊണ്ടുള്ള സ്കാഫോൾഡിംഗിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക സൂചന. തുടർന്ന് തീജ്വാലകൾ പല അപ്പാർട്ട്‌മെൻ്റ് ബ്ലോക്കുകൾക്ക് ചുറ്റുമുള്ള സ്കാഫോൾഡിംഗുകളിലേക്കും നിർമാണ വലകളിലേക്കും പടർന്നു. ശക്തമായ കാറ്റും നിർമ്മാണ അവശിഷ്ടങ്ങളും തീ വേഗത്തിൽ പടരാൻ കാരണമായി. പല താമസക്കാരും പ്രായമായവരായതിനാൽ വേഗത്തിൽ രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അറ്റകുറ്റപ്പണികൾ കാരണം ജനലുകൾ അടച്ചിട്ടിരുന്നതിനാൽ തീപിടുത്തം ഉണ്ടായത് അയൽക്കാർ വിളിച്ചറിയിച്ചപ്പോഴാണ് പലരും അറിഞ്ഞതെന്നും താമസക്കാർ വ്യക്തമാക്കി.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും ഹോങ്കോങ്ങ് നേതാവ് ജോൺ ലീയും മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. സംഭവസ്ഥലത്തു നിന്നുള്ള നിരവധി വീഡിയോകൾ പ്രചരിച്ചു. വിവിധ കെട്ടിടങ്ങളിലേക്ക് തീ പടരുന്നതും അപ്പാർട്ടുമെന്റുകളുടെയും ജനാലകളിൽ നിന്ന് തീജ്വാലകളും പുകയും ഉയരുന്നതും കാണാം. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും കാണാം.







0 comments