ad
Deshabhimani

മാലിന്യനിർമാർജന പദ്ധതിക്കെതിരെയും ബിജെപി ക‍ൗൺസിലർ

ഖരമാലിന്യ ശേഖരണകേന്ദ്രം 
പൊളിക്കണമെന്ന്‌ ആർ ശ്രീലേഖ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 20, 2026, 02:59 AM | 1 min read

 തിരുവനന്തപുരം

മാലിന്യ സംസ്കരണത്തില്‍ കോര്‍പറേഷന്‍ മുന്‍ ഭരണസമിതിയും സംസ്ഥാന സര്‍ക്കാരും സൃഷ്‌ടിച്ച മികച്ച മാതൃകകള്‍ തകര്‍ക്കാന്‍ ക‍ൗൺസിലർ ആര്‍ ശ്രീലേഖയുടെ നീക്കം. ശാസ്തമംഗലം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഖരമാലിന്യ ശേഖരണകേന്ദ്രം പൊളിച്ചുമാറ്റണമെന്നതാണ്‌ ശ്രീലേഖയുടെ പുതിയ ആവശ്യം. സെന്റര്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വാര്‍ഡിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചു. കൂടാതെ മേയര്‍ വി വി രാജേഷിന് കത്തുനല്‍കിയതായും സൂചനയുണ്ട്. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിട്ടത്തില്‍ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡ്രൈ വേസ്റ്റ് കലക്‌ഷന്‍ സെന്ററാണ് പൊളിച്ചുമാറ്റണമെന്ന് ശ്രീലേഖ ആവശ്യപ്പെടുന്നത്. ഇവർ കൗണ്‍സിലറായി ചുമതലയേറ്റതു മുതല്‍ ശാസ്തമംഗലത്തെ ഈ കോര്‍പറേഷന്‍ കെട്ടിടവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. കോര്‍പറേഷന്‍ കെട്ടിടം കൗണ്‍‌സിലറുടെ കുത്തകയാണെന്ന ധാരണയില്‍ വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ്‌ ആദ്യം രംഗത്തുവന്നത്‌. വാടകനൽകി പ്രവർത്തിപ്പിക്കുന്ന ഓഫീസിന്‌ കരാർ അവസാനിച്ചിട്ടില്ലെങ്കിലും വിവാദങ്ങൾക്കുപിന്നാലെ പോകാൻ സമയമില്ലാത്തതിനാൽ എംഎൽഎ ഓഫീസ്‌ ഒഴിഞ്ഞു. തൊട്ടുപിന്നാലെ മാലിന്യ ശേഖരണകേന്ദ്രത്തിനെതിരെയും ഇവർ രംഗത്തുവന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെന്റര്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. വി കെ പ്രശാന്ത് മേയറായിരുന്നപ്പോഴാണ് ശാസ്തമംഗലത്ത് ഡ്രൈ വേസ്റ്റ് കലക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. ദിവസേന നിരവധിയാളുകള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നുമുണ്ട്. എട്ടുതരം ഖരമാലിന്യങ്ങള്‍‌ തരംതിരിച്ച് നിക്ഷേപിക്കാവുന്ന കലക്ഷന്‍ സെന്ററാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home