മിനി മുത്തൂറ്റ് മാനേജ്മെന്റ്
തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം
മിനി മുത്തൂറ്റ് ഗ്രൂപ്പ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ-പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം റീജണൽ ഓഫീസിനു മുന്നിൽ തിങ്കളാഴ്‌ച മാർച്ചും ധർണയും സംഘടിപ്പിക്കും. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജീവനക്കാരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന സമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്ന് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു. എറണാകുളം ഹെഡ് ഓഫീസിൽ വനിതാ ജീവനക്കാരെ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിളിച്ചുവരുത്തി, ഉയർന്ന ഉദ്യോഗസ്ഥർ സംഘം ചേർന്ന് മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയാണ്. യൂണിയൻ അംഗത്വം രാജിവച്ചില്ലെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയാണ് മാനേജ്മെന്റ് ഉയർത്തുന്നത്. ഇതിനെ ചോദ്യം ചെയ്ത യൂണിയൻ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. തൊഴിൽ നിയമങ്ങളെ കാറ്റിൽപ്പറത്തി തൊഴിലാളി ദ്രോഹം തുടരുന്ന പശ്ചാത്തലത്തിലാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതരായതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ എം ആരിഫ്, ജനറൽ സെക്രട്ടറി സി സി രതീഷ് എന്നിവർ അറിയിച്ചു.










0 comments