ad
Deshabhimani

print edition കീഴടങ്ങൽ സമ്പൂർണം; കാവിപുതച്ച്‌ യുഡിഎഫ്‌ സർക്കാർ

MODI VD UDF SAFFRONISATION
വെബ് ഡെസ്ക്

Published on Jun 29, 2026, 01:42 AM | 2 min read

തിരുവനന്തപുരം: ഭരണത്തിലേറി മാസം ഒന്നുതികഞ്ഞപ്പോഴേക്കും സംഘപരിവാർ അജൻഡയ്‌ക്ക്‌ പൂർണമായും കീഴടങ്ങി യുഡിഎഫ്‌ സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിവച്ച കാവിവൽക്കരണം മറ്റു മന്ത്രിമാരും ആവേശത്തോടെ തുടരുന്നു. ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്നതിൽ മത്സരിക്കുകയാണ്‌ മുസ്ലിംലീഗ്‌ മന്ത്രിമാരും.


പ്രധാൻമന്ത്രി ആവാസ്‌ യോജന വിഹിതം ഉപയോഗിച്ച്‌ നിർമിക്കുന്ന വീടുകളിൽ മോദിച്ചിത്രം ഉൾപ്പെടെ ലോഗോ പതിക്കുന്നതിൽ തെറ്റില്ലെന്ന തദ്ദേശഭരണ മന്ത്രി കെ എം ഷാജിയുടെ പ്രഖ്യാപനമാണ്‌ ഏറ്റവും പുതിയത്‌. സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി ഗവർണർ ഭരണത്തിൽ ഇടപ്പെട്ടിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും മൗനത്തില്‍. കാർഷിക സർവകലാശാലയിൽ താൽക്കാലിക വിസിയായി സംഘപരിവാർ ബന്ധമുള്ളയാളെ നിയമിച്ചിട്ടും സർക്കാരിന് അനക്കമില്ല.


ആർഎസ്എസ്സിനെതിരെ എൽഡിഎഫ്‌ സർക്കാർ പത്ത്‌ വർഷം നടത്തിയ ചെറുത്തുനിൽപ്പാണ്‌ യുഡിഎഫ്‌ സർക്കാർ പൂർണമായും തകർത്തത്‌. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്ന്‌ മന്ത്രിമാരായ റോജി എം ജോണും കെ എം ഷാജിയും പ്രഖ്യാപിച്ചു. പിഎം ശ്രീയുമായി മുന്നോട്ടു പോകുന്നതും പിഎംഎവൈ വീടുകളിൽ ലോഗോ വയ്‌ക്കാമെന്ന നിലപാടും ലീഗിന്റെ പൂർണസമ്മതത്തോടെ തന്നെ.


സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം പൂർണമായും ആലപിക്കാന്‍ അവസരം ഒരുക്കി വി ഡി സതീശനാണ്‌ സംഘപരിവാർ വിധേയത്വം തുടങ്ങിവച്ചത്‌. തുടർന്ന്‌ സംഘപരിവാര്‍ ബന്ധമുള്ള അഭിഭാഷകനെ അഡ്വക്കറ്റ്‌ ജനറലായി നിയമിച്ചു. നയപ്രഖ്യാപനത്തിൽ നിയമസഭയിൽ വന്ദേമാതരം ആലപിച്ചു. എംജി സർവകലാശാലയിൽ ആർഎസ്‌എസ്‌ നേതാവ്‌ ഡോ. മാവൂതിനെ വിസിയാക്കാൻ ഗവർണർക്ക്‌ കൂട്ടുനിന്നു. സെനറ്റിൽ 19 ആർഎസ്‌എസുകാരെ ഗവർണർ നാമനിർദേശം ചെയ്‌തപ്പോഴും നോക്കിനിന്നു.


ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട്‌ വിളിച്ചപ്പോൾ മ‍ൗനംപാലിച്ചു. സർക്കാർ നൽകിയ പട്ടിക തള്ളി കാർഷിക സർവകലാശാലാ വിസിയായി അധ്യാപക പരിഷത്ത്‌ നേതാവിനെ ഗവർണർ നിയമിച്ചിട്ടും മുഖ്യമന്ത്രിയോ കൃഷിമന്ത്രിയോ എതിർത്തില്ല. എൽഡിഎഫ്‌ സർക്കാർ നിരാകരിച്ച പിഎം ശ്രീ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു.


കെപിസിസി സ്ഥാപനത്തിൽ ബിജെപി പഠനശിബിരം


തിരുവനന്തപുരം: ബിജെപി പഠനശിബിരത്തിന്‌ കെപിസിസിയുടെ കീഴിലെ സ്ഥാപനം വിട്ടുനൽകി കോൺഗ്രസ്‌. കെപിസിസി പ്രസിഡന്റ് ചെയര്‍മാനായി നെയ്യാർ ഡാമിനുസമീപം പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ സ്റ്റഡീസാണ്‌ കാട്ടാക്കട മണ്ഡലത്തിന്റെ ദ്വിദിന പഠനശിബിരത്തിന് നല്‍കിയത്.


ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആർ ശ്രീലേഖയായിരുന്നു ഉദ്‌ഘാടക. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കെപിസിസി പ്രസിഡന്റായപ്പോഴാണ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചത്‌. മറ്റ്‌ പാർടികൾക്ക്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ വാടകയ്‌ക്ക് നൽകാറില്ല. കോൺഗ്രസിന്റെ ക്യാന്പുകളും നേതൃയോഗങ്ങളുമാണ്‌ ഇവിടെ നടത്താറുള്ളത്‌. കോൺഗ്രസ്– ബിജെപി ‘ഡീൽ’ ആക്ഷേപം ശരിവച്ചുകൊണ്ടാണ്‌ പഠനശിബിരത്തിന്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ വിട്ടുനൽകിയത്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home