നഴ്‌സിങ് വിദ്യാർഥിനി അൻസിജിയുടെ മരണം
പ്രിൻസിപ്പൽ ഹൊസൂരിൽ അറസ്റ്റിൽ

അൻസിജിയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന അമ്മ സോണിയ
വെള്ളറട
കരുങ്കൽ ബത്‌ലഹേം നഴ്‌സിങ് കോളേജ് വിദ്യാർഥിനി അൻസിജി (21) മാനസികപീഡനത്തെതുടർന്ന് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. കർണാടക അതിർത്തിയോട് ചേർന്ന ഹൊസൂരിൽനിന്നാണ് തമിഴ്‌നാട് പൊലീസ് പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയതായിരുന്നു പ്രിൻസിപ്പൽ. അൻസിജിയുടെ മരണത്തിനു പിന്നാലെ കോളേജ് മാനേജ്‌മെന്റിനും പ്രിൻസിപ്പലിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കരുങ്കൽ പൊലീസ് കേസെടുത്തിരുന്നു. ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് സഹപാഠികളുടെ മുന്നിൽവച്ച് പ്രിൻസിപ്പൽ അൻസിജിയെ പരസ്യമായി അധിക്ഷേപിക്കുകയും മാനസികമായി തകർക്കുകയുമായിരുന്നു.
അൻസിജിക്ക് വിടയേകി നാട്
അൻസിജിയുടെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വെള്ളറട കത്തിപ്പാറയിലെ കുടുംബവീട്ടുവളപ്പിലായിരുന്നു സംസ്കാരം. മാനേജ്‌മെന്റിന്റെയും പ്രിൻസിപ്പലിന്റെയും അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയർന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ ഷീജയ്ക്കും കോളേജ് മാനേജ്‌മെന്റിനുമെതിരെ കരുങ്കൽ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ അൻസിജിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥിസമരത്തിലുള്ള പ്രതികാരമാണ് ക്രൂരതയ്ക്ക് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ, അലങ്കാരപ്പണിക്കിടെ അബദ്ധത്തിൽ വീണതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു മാനേജ്‌മെന്റ് ശ്രമം.
അണപൊട്ടി പ്രതിഷേധം
മൃതദേഹം കൈമാറുന്നതിൽ തമിഴ്‌നാട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ജനരോഷത്തിന് കാരണമായി. ഉന്നതസംഘം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തുച്ഛമായ പൊലീസുകാരെ മാത്രം അയച്ചതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും വാഹനം തടഞ്ഞു. കലക്ടർ തിരുവനന്തപുരം ആർഡിഒയുമായി ആശയവിനിമയം നടത്തിയ ശ േഷമാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. 28-ന് കന്യാകുമാരി എസ്‌പി നേരിട്ടെത്തി ചർച്ച നടത്തുമെന്ന ഉറപ്പിലാണ് കുടുംബം പോസ്റ്റ്‌മോർട്ടത്തിന് സമ്മതിച്ചത്. വിദ്യാർഥികളുടെയും നാട്ടുകാരുടെയും പ്രക്ഷോഭത്തെത്തുടർന്ന് പ്രിൻസിപ്പലിനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. ഉദിയൻകുളങ്ങരയിലെ മുൻ വസതിയിലും കത്തിപ്പാറയിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ, കെ ആൻസലൻ തുടങ്ങിയവരും നൂറുകണക്കിന് ആളുകളും അന്ത്യാഞ്ജലിയർപ്പിച്ചു.










0 comments