സർക്കാരിന് പിആർ സംഘത്തിന്റെ ‘ഇൻസെന്റീവ്' കരുതൽ

തിരുവനന്തപുരം
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് ആശമാർക്ക് ആരോഗ്യമന്ത്രി കെ മുരളീധരന്റെ വക പ്രത്യേക ഇൻസെന്റീവെന്ന കള്ളക്കഥയുമായി കോൺഗ്രസ് സൈബർ സംഘം. മുൻവർഷങ്ങളിൽ പോളിയോ നടന്ന ഘട്ടങ്ങളിലെല്ലാം ദേശീയ ആരോഗ്യദൗത്യം ഡയറക്ടർ കൊടുത്തുവന്ന ഇൻസെന്റീവ് സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിൽ ചേർക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസിന്റെ ശ്രമം. പൾസ് പോളിയോ ആരംഭിച്ച 1995 മുതൽ തുള്ളിമരുന്ന് വിതരണത്തിലും തുടർന്നുള്ള ഫീൽഡ് വർക്കിലും പങ്കെടുക്കുന്ന വളന്റിയർമാർക്ക് തുക അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷവും പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ഭാഗമായ ആശമാർക്ക് പ്രതിദിനം 100 രൂപവീതം മൂന്ന് ദിവസത്തേയ്ക്ക് 300 രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 100 രൂപ വീതം അനുവദിക്കാൻ അനുമതിയായിരുന്നു. മുൻവർഷങ്ങളിൽ ശമ്പളത്തിനൊപ്പമായിരുന്നില്ല ഇൻസെന്റീവ് അനുവദിച്ചിരുന്നത്. ഇക്കുറി ആശമാർക്ക് അവരുടെ ശമ്പളം അനുവദിക്കുന്ന സോഫ്റ്റ്‌വെയർ മുഖേന ഇൗ തുക വിതരണം ചെയ്യുമെന്നാണ് പറയുന്നത്. പ്രത്യേകം നൽകിയിരുന്ന തുക ഇക്കുറി ശമ്പളത്തിനൊപ്പം നൽകുന്നുവെന്ന് കാണിക്കുന്നു എന്നതിനപ്പുറം പുതുതായി എന്തെങ്കിലും ഇക്കാര്യത്തിൽ സംഭവിച്ചിട്ടില്ല. പൾസ് പോളിയോ വിതരണത്തിൽ പങ്കാളികളാകുന്ന ആശമാരല്ലാത്ത വളന്റിയർമാർക്കും ഇതേ തുക അനുവദിച്ചതായും ദേശീയ ആരോഗ്യദൗത്യം ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഇൗ യാഥാർഥ്യം മറച്ചുവച്ചാണ് പൾസ് പോളിയോ ദൗത്യത്തിൽ പങ്കാളികളാകുന്ന ആശമാർക്ക് സംസ്ഥാന സർക്കാർ പ്രത്യേകം ഇൻസെന്റീവ് നൽകുന്നുവെന്ന വാർത്ത പ്രചരിപ്പിച്ചത്. ആശമാരോട് യുഡിഎഫ് കാണിക്കുന്ന ‘കരുതൽ’ എന്ന വിശേഷണമാണ് പിആർ സംഘം പതിവ് ഇൻസെന്റീവിന് നൽകിയിരിക്കുന്നത്.











0 comments