തുറമുഖം റോഡ് കണക്റ്റിവിറ്റി പൂർത്തിയായില്ല

വിഴിഞ്ഞം പോർട്ട് റോഡ് ദേശീയപാതയിലെത്തുന്ന തലയ്‌ക്കോട് ജങ്‌ഷനിലെ പ്രവൃത്തികൾ പൂർത്തിയാകാത്ത നിലയിൽ
കോവളം
വിഴിഞ്ഞത്തുനിന്ന് റോഡ് മാർഗം കണ്ടെയ്നറുകൾ കൊണ്ടുപോകുമെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും റോഡ് കണക്റ്റിവിറ്റി പൂർത്തിയായില്ല. എക്സിം കാർഗോ ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ ഫ്‌ളാഗ്ഓഫ് ചെയ്തിരുന്നു. എന്നാൽ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പണികൾ പൂർത്തിയായിട്ടുമില്ല. ദേശീയപാതയിൽ കഴക്കൂട്ടം ഭാഗത്തേക്ക് മാത്രമാണ് റോഡ് ബന്ധിപ്പിച്ചത്. തുറമുഖത്തുനിന്നുള്ള കണ്ടെയ്നറുകൾ കന്യാകുമാരി ഭാഗത്തേക്ക് പ്രവേശിക്കാനും സൗകര്യമില്ല. കഴക്കൂട്ടം ഭാഗത്തേക്കുള്ള പാതയിൽ കയറിയശേഷം കോവളം ജങ്ഷൻ കഴിഞ്ഞ് വെള്ളാറിലെത്തി യുടേൺ എടുത്താൽ മാത്രമേ കന്യാകുമാരി ഭാഗത്തേക്ക് പോകാൻ സാധിക്കൂ. തിരക്കേറിയ ദേശീയപാതയിൽ ഇത്തരത്തിൽ കണ്ടെയ്നറുമായി വരുന്ന വാഹനങ്ങൾ യുടേൺ എടുക്കുന്നത് അപകടങ്ങൾക്കും കാരണമാകും. കണ്ടെയ്നറുകൾ റോഡ് മാർഗം കൂടുതലായി പോകുന്നത് ഗതാഗതക്കുരുക്കുമുണ്ടാക്കും. എൽഡിഎഫ് സർക്കാർ തുറമുഖത്തുനിന്നുള്ള റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് പണികൾ ആരംഭിച്ചിരുന്നു. പലയിടത്തെയും നിർമാണം അന്നുതന്നെ പൂർത്തിയായി. എന്നാൽ അതിനപ്പുറത്തേക്ക് പൂർത്തിയാക്കാനുള്ള ശ്രമം യുഡിഎഫ് സർക്കാർ നടത്തിയില്ല.










0 comments