ഞെളിയൻപറന്പ് മാലിന്യം നീക്കൽ ജൂലൈയോടെ പൂർത്തിയാകും
ഉയരും മണ്ണിന്റെ മണം

ഞെളിയൻ പറന്പ് (ഫയൽചിത്രം)
കോഴിക്കോട്
ഒരുകാലത്ത് ഞെളിയൻപറന്പ് എന്ന് കേട്ടാൽപോലും മൂക്കുപൊത്തുമായിരുന്ന നാട് ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ഞെളിയൻപറന്പ് നഗര വികസനത്തിൽ പുതുമാതൃക തീർക്കുന്നതിന് കോഴിക്കോട് ഒരു വർഷത്തിനുള്ളിൽ സാക്ഷിയാകും. ഞെളിയൻപറമ്പ് ഡമ്പിങ് യാർഡിലെ പഴകിയ മാലിന്യം നീക്കംചെയ്യൽ ജൂലൈയോടെ പൂർത്തിയാകുമെന്ന് മേയർ ഒ സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീയും പറഞ്ഞു. 2026 മാർച്ചിൽ ആരംഭിച്ച ബയോമൈനിങ് പ്രവൃത്തിയുടെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. പതിറ്റാണ്ടുകളായി ഇവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്‌ത്രീയമായി വേർതിരിച്ച് നീക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴിക്കോട് കോർപറേഷൻ, കേരള സോളിഡ് വേസ്‌റ്റ് മാനേജ്മെന്റ് പ്രോജക്ട് (കെഎസ്‌ഡബ്ല്യുഎംപി) എന്നിവരുമായി ചേർന്ന് സിഗ്മയാണ് മാലിന്യം നീക്കുന്നത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം വേർതിരിച്ചു നീക്കി ഭൂമി പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 31 കോടി രൂപ ചെലവുള്ള പദ്ധതിക്ക് ഫെബ്രുവരിയിലാണ് കരാർ ഒപ്പിട്ടത്. മാലിന്യം വേർതിരിച്ച് പുനരുപയോഗിക്കാവുന്ന വസ്‌തുക്കൾ മാറ്റിയെടുക്കും. ശേഷിക്കുന്നവ ശാസ്‌ത്രീയമായി സംസ്‌കരിക്കും. ഞെളിയൻപറന്പിൽ 2,30,995.50 ഘന മീറ്റർ മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. ഇതിൽ അഞ്ച് മാസത്തിനിടെ 23,025.39 ടൺ മാലിന്യം നീക്കി. 17.5 ഏക്കറിൽനിന്ന് 2.33 ഏക്കർ വീണ്ടെടുത്തു. മാലിന്യത്തിൽനിന്ന് മണ്ണും കല്ലും ഉൾപ്പെടെയുള്ള 19,301.45 ടൺ ഘടകങ്ങളും 3723.94 ടൺ ആർഡിഎഫും വേർതിരിച്ചു. മഴക്കാലം അവസാനിക്കുന്നതോടെ പ്രതിദിന സംസ്‌കരണശേഷി 2500 ടണ്ണിലെത്തിച്ച് രണ്ട് ലക്ഷത്തിലധികം ടൺ മാലിന്യം നീക്കും. ലഭ്യമായ മറ്റു ഭൂമികൂടി ഉൾപ്പെടുത്തി 2.5 ഏക്കർ ബയോഗ്യാസ് പ്ലാന്റിന് ഭാരത് പെട്രോളിയം കോർപറേഷന് കൈമാറുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഇരുവരും പറഞ്ഞു. അവലോകന യോഗത്തിൽ കോർപറേഷൻ സെക്രട്ടറി, വിവിധ സ്ഥിരം സമിതി അധ്യക്ഷർ, വിവിധ കക്ഷി നേതാക്കൾ, സിഗ്മ പ്രതിനിധികൾ, കെഎസ്‌ഡബ്ല്യുഎംപി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.










0 comments