നെറ്റ് പരീക്ഷ റദ്ദാക്കൽ
ആദായനികുതി ഓഫീസിലേക്ക് എസ്‌എഫ്‌ഐ മാർച്ച്

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇൻകം ടാക്സ് ഓഫീസ് മാർച്ച് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്
പരീക്ഷാ നടത്തിപ്പിൽ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും പര്യായമായി മാറിയ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ പുതിയ പരീക്ഷാ സംവിധാനം രൂപീകരിക്കുക, എൻടിഎയുടെ ആവർത്തിച്ചുള്ള പരീക്ഷാ പരാജയങ്ങളെയും യുജിസി - നെറ്റ് പരീക്ഷാപേപ്പറുകളിലെ പിഴവുകളെയും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉന്നയിച്ചു. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധം ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ്, ജില്ലാ സെക്രട്ടറി ടി പി അമൽരാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് നന്ദന, കെ സി ഫർഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് അമൽജിത്ത്, ജോയിന്റ് സെക്രട്ടറിമാരായ എം എം അശ്വന്ത് ചന്ദ്ര, പി സ്വരാഗ് എന്നിവർ സംസാരിച്ചു.










0 comments