വാഹനാപകടം വർധിക്കുന്നു
പൊലീസ് ചെക്കിങ് കർശനമാക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം
പൊന്മുടിയിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വർധിക്കുന്നെന്നും പൊലീസ് പരിശോധന കർശനമാക്കണമെന്നും ഡിവൈഎഫ്‌ഐ. ഞായർ രാത്രി വിതുര ചേന്നൻപാറയിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ യാത്രക്കാർ മദ്യലഹരിയിലായിരുന്നു. പേരയത്തുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന പാലോട് ചിപ്പൻചിറ ചാത്തിചാച്ച മൺപുറം ഷൈജു ഭവനിൽ ഷൈജുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മക്കൾ വസുദേവ് (12), വാസുകി (6) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അമിതവേഗമാണ് അപകടകാരണം. പൊലീസ് പരിശോധന ശക്തിപ്പെടുത്തിയാൽ അപകടം കുറയും. പൊന്മുടിയിലേക്കുള്ള യാത്രയിൽ മദ്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കല്ലാറിൽ വാഹനപരിശോധന വേണം. ഗോൾഡൻ വാലിയിൽ വനംവകുപ്പ് പരിശോധനയുണ്ടെങ്കിലും കണ്ണുവെട്ടിച്ച് മദ്യം വാഹനത്തിൽ കൊണ്ടുപോകുന്നു. മദ്യലഹരിയിൽ 22 ഹെയർപിൻ വളവുകളിറങ്ങിയുള്ള മടക്കയാത്ര അപകടം ക്ഷണിച്ചുവരുത്തും. അമിതവേഗത്തിലാണ് ചെറുപ്പക്കാർ കൊടുംവളവുകൾ ഇറങ്ങുന്നത്. രണ്ടാഴ്‌ചമുന്പും മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാക്കൾ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകട മേഖലകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും പരിശോധന ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് മേഖലാ കമ്മിറ്റി വിതുര എസ്‌എച്ച്‌ഒ വൈശാഖന് നിവേദനം നൽകി.








0 comments