അഭിഭാഷകനെ എസ്ഐ മർദിച്ച സംഭവത്തിൽ അന്വേഷണം വൈകുന്നു

നെടുമങ്ങാട്
സ്റ്റേഷനിലെത്തിയ അഭിഭാഷകനെ എസ്ഐ മർദിച്ച സംഭവത്തിൽ അന്വേഷണം വൈകുന്നു. ചികിത്സയിൽ കഴിയുന്ന അഭിഭാഷകൻ എസ്‌സി/എസ്‌ടി കമീഷണർക്ക് പരാതിനൽകി. കഴിഞ്ഞ വെള്ളി വൈകിട്ട് 3.45ന് ആര്യനാട് സ്റ്റേഷനിലാണ് സംഭവം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ തെക്കുംകര ഈസ്റ്റ്ബംഗ്ലാവ് ശ്രീരാഗം വീട്ടിൽ ജി ആർ ബിനുരാജിനെയാണ് എസ്ഐ അരുൺകുമാർ മർദിച്ചത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നേടിയതിന്റെ ഉത്തരവുമായി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഉത്തരവും അനുബന്ധരേഖകളും ഹാജരാക്കിയ അഭിഭാഷകനെ എസ്ഐ അരുൺകുമാർ മുറിയിലേക്ക് വിളിപ്പിച്ചു. തുടർന്ന് നെടുമങ്ങാട്ടെ വീട്ടിൽ കിടക്കുന്ന അഭിഭാഷകന്റെ കാർ പത്ത് മിനിറ്റിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കണമെന്ന് എസ്ഐ ആവശ്യപ്പെട്ടു. ഇതിന് അരമണിക്കൂർ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. ഷർട്ടിൽ പിടിച്ചുവലിച്ച് നിലത്തിട്ടശേഷം മുതുകിലും നെഞ്ചിലും മർദിച്ചതായും, സിഐ എത്തിയാണ് എസ്ഐയെ തടഞ്ഞതെന്നും ബിനുരാജ് പറഞ്ഞു. അവശനിലയിലായ അഭിഭാഷകനെ കൂടെയെത്തിയവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആഭ്യന്തരവകുപ്പിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും അന്വേഷണം നടക്കാത്തതിനെ തുടർന്നാണ് ബിനുരാജ് എസ്‌സി/എസ്‌ടി കമീഷണർക്ക് പരാതി നൽകിയത്.








0 comments