മരണപ്പാച്ചിൽ തുടർന്ന് സ്വകാര്യബസുകൾ

എറണാകുളം ഹോസ്-പിറ്റൽ റോഡിൽ അമിത വേഗത്തിൽ മറ്റൊരു ബസിനെ മറികടക്കുന്ന സ്വകാര്യ ബസ്
കൊച്ചി
നഗരത്തിൽ വീണ്ടും സ്വകാര്യ ബസ്‌ജീവനക്കാരുടെ അഴിഞ്ഞാട്ടം. രണ്ടുദിവസത്തിനിടെ രണ്ട് കേസുകളാണ് അലക്ഷ്യമായ ഡ്രൈവിങ്ങിന് ബസ് ഡ്രൈവർമാർക്കെതിരെ രജിസ്‌റ്റർ ചെയ്‌തത്. തിങ്കളാഴ്‌ച സ്‌കൂട്ടർയാത്രക്കാരിയെ ഇടിച്ചുവീഴ്‌ത്തിയ കേസിൽ മരട് പൊലീസ് കേസെടുത്തു.
തിങ്കൾ പകൽ 12.15ന് വൈറ്റില വെൽകെയർ ആശുപത്രിക്കുസമീപമുണ്ടായ അപകടത്തിൽ ചമ്പക്കര കല്ലുപുരയ്‌ക്കൽ വീട്ടിൽ അശ്വതി അശോകിന് (38) വലതുകൈക്ക് പൊട്ടലേറ്റു. ഇടതുവശത്തുകൂടി സ്‌കൂട്ടർ ഓടിച്ചുകൊണ്ടിരുന്ന യുവതിയുടെ സ്‌കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. അലക്ഷ്യമായ ഡ്രൈവിങ്ങിന് ബസ് ഡ്രൈവറുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
അശ്രദ്ധമായ ഡ്രൈവിങ് കാരണം യാത്രക്കാരി സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പാലാരിവട്ടം പൊലീസ് ഞായറാഴ്‌ച ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. എട്ടിന് രാവിലെ 9.45ന് പാലാരിവട്ടം സിവിൽ ലൈൻ റോഡിൽ നടന്ന അപകടത്തിൽ പാലാവരിവട്ടം പൊലീസാണ് കേസെടുത്തത്. വാഴക്കുളം സ്വദേശിയായ സിന്ധുവിനാണ് (54) പരിക്കേറ്റത്. പാലാരിവട്ടം ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ബസ് സ്‌റ്റോപ്പിൽ നിർത്തിയശേഷം ആളെ കയറ്റുന്നതിനുമുമ്പ് ഡ്രൈവർ അശ്രദ്ധമായി പെട്ടെന്ന് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ഇതേത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ സിന്ധുവിന്റെ തലയുടെ വലതുവശത്ത് മുറിവേൽക്കുകയും വാരിയെല്ലിന് ഒടിവുണ്ടാകുകയും ചെയ്‌തു. കണങ്കാലിന്റെ ലിഗ്‌മെന്റിന് പൊട്ടലുമുണ്ടായി.
അതിക്രമങ്ങൾ തുടർക്കഥ
ഹോണടിച്ചതിൽ പ്രകോപിതനായി കാർഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് സ്വകാര്യ ബസ് ക്ലീനർ അറസ്‌റ്റിലായത് കഴിഞ്ഞയാഴ്‌ചയാണ്. കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെ(23)യാണ് എറണാകുളം നോർത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആഗസ്‌ത് ഒന്പതിന് ദേശാഭിമാനി ജങ്‌ഷനിൽ നടന്ന സംഭവത്തിൽ ഒരുമാസത്തിനുശേഷമാണ് അറസ്‌റ്റുണ്ടായത്. പ്രവാസി മലയാളി ഷാജി ജോസിനെയാണ് ഭീഷണിപ്പെടുത്തിയത്. കാക്കനാട്–ഫോർട്ട് കൊച്ചി റൂട്ടിലോടുന്ന ‘ശക്തി’ ബസ് ആയിരുന്നു വില്ലൻ. അറസ്‌റ്റ് ചെയ്യാൻ ചെന്ന എഎസ്‌ഐയെ മർദിച്ചതിനും മുഹമ്മദ് അൻസാറിനെതിരെ തുടർന്ന് കേസെടുത്തു.
ബസ് നടുറോഡിൽ നിർത്തി യാത്രക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിലായത് നാലിനാണ്. ‘ഷഹാന’ ബസ്‌ഡ്രൈവർ തേവയ്‌ക്കൽ ചേനക്കര വീട്ടിൽ മൻസൂറി (30)നെയാണ് എളമക്കര പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടപ്പള്ളി പോസ്‌റ്റ് ഓഫീസിനുസമീപം നടുറോഡിൽ ബസ് നിർത്തിയിട്ടശേഷമായിരുന്നു സംഭവം. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.
‘സജിമോന്റെ’ കാര്യത്തിൽ രണ്ടാഴ്‌ചയ്‌ക്കകം തീരുമാനം
ജീവനക്കാർ ഓട്ടോഡ്രൈവറെ മർദിച്ച കേസിൽ പിടിച്ചെടുത്ത ‘സജിമോൻ’ ബസിന്റെ വിശദ ഹിയറിങ് ഉടൻ ആരംഭിക്കും. ബസുടമയിൽനിന്ന് മൊഴിയെടുത്തശേഷം ആർടിഒ ബോർഡിന് വിശദ റിപ്പോർട്ട് നൽകും. പെരുന്പടപ്പ് റൂട്ടിലോടുന്ന ‘സജിമോൻ’ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ സെൻട്രൽ പൊലീസ് ആർടിഒയ്‌ക്ക് അപേക്ഷ നൽകിയിരുന്നു. ഇരുനൂറോളം ഗതാഗതനിയമലംഘനങ്ങൾക്ക് പിഴയടയ്‌ക്കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ ജില്ലാക്കോടതിയിൽ ഹാജരാക്കി.
ഇതേ ഉടമയുടെ ‘സജിമോൻ’ എന്ന പേരുള്ള മറ്റൊരു ബസിനെതിരെ നൽകിയ റിപ്പോർട്ട് ആർടിഒ ബോർഡിന്റെ പരിഗണനയിലാണ്. ഇൗ ബസ് ഇടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ച സംഭവത്തിന്റെ റിപ്പോർട്ട് ആർടിഒ ബോർഡിനുമുന്നിലുണ്ട്. ഇതിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമുണ്ടാകും.
ഓട്ടോറിക്ഷാഡ്രൈവറെ മർദിച്ച കേസിൽ പെരുന്പടപ്പിലേക്ക് സർവീസ് നടത്തുന്ന ‘സജിമോൻ’ ബസിലെ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരാണ് ആഗസ്‌ത് 30ന് അറസ്‌റ്റിലായത്. കോന്തുരുത്തി സ്വദേശി ഹാഷിം ഓടിച്ച ഓട്ടോറിക്ഷയെ ‘സജിമോൻ’ ബസ് ഇടിക്കാൻവന്നത് ചോദ്യംചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്.
ബസിൽ കയറുന്നതിനിടെ യുവാവ് റോഡിൽ വീണു
കാക്കനാട്
സ്റ്റോപ്പിൽ നിർത്താതെ മുന്നോട്ടുമാറ്റിനിർത്തിയ സ്വകാര്യ ബസിൽ ഓടിക്കയറിയ യുവാവ് റോഡിൽ വീണു. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു. എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷനുസമീപം ശനിയാഴ്ച വൈകിട്ട് 5.45നാണ് സംഭവം.
എറണാകുളത്തുനിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എൻജിഒ ക്വാർട്ടേഴ്‌സ് ജങ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമുന്നിൽ നിർത്താതെ അൽപ്പം മുന്നോട്ടുമാറ്റിയാണ് നിർത്തിയത്. യുവാവ് ഓടിയെത്തി വാതിൽപ്പടിയിൽ ചവിട്ടി കയറാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതോടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
റോഡിൽ വീണ യുവാവിനെ പരിഗണിക്കാതെ ബസ് മുന്നോട്ടുപോയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബസിനുപിന്നാലെ എത്തിയ കാറിന്റെ കാമറയിലാണ് അപകടദൃശ്യങ്ങൾ പതിഞ്ഞത്.ദൃശ്യങ്ങൾ ലഭിച്ച മോട്ടോർ വാഹനവകുപ്പ് അന്വേഷണം തുടങ്ങി.







0 comments