ടച്ചിങ്‌സ് നൽകിയില്ല
കച്ചവടക്കാരായ സഹോദരങ്ങളെ ആക്രമിച്ച പ്രതികൾ പിടിയിൽ

വർക്കല
മദ്യപിക്കാൻ ടച്ചിങ്‌സ് നൽകിയില്ലെന്ന് ആരോപിച്ച് കാപ്പിൽ ബീച്ചിൽ ചായക്കട നടത്തുന്ന സഹോദരങ്ങളെ ആക്രമിച്ച് വിനോദസഞ്ചാരികൾ. ഇടവ മന്തറ സ്വദേശി അഫ്സലിനും (37) സഹോദരി അസീന (32)യ്ക്കുമാണ് പരിക്കേറ്റത്. ഞായർ പകൽ മൂന്നോടെയാണ് സംഭവം. കൊല്ലം കോട്ടൂർ സ്വദേശി ഫിനോൾഡ് (25), മയ്യനാട് താന്നി സ്വദേശി ജോബിൻ, ഇരവിപുരം സ്വദേശി അലക്സാണ്ടർ (30) എന്നിവരാണ് അറസ്റ്റിലായത്. കുടുബസമേതമെത്തിയ യുവാക്കൾ അസീനയുടെ കടയിലെത്തി ബജിയും സോസും വാങ്ങി. കുറച്ചുനേരം കഴിഞ്ഞ് വീണ്ടും വന്ന് സോസ് ചോദിച്ചപ്പോഴും അസീന നൽകി. എന്നാൽ, ഇത് ആവർത്തിച്ചതോടെ നൽകാനാകില്ലെന്ന് പറഞ്ഞ അസീനയെ യുവാക്കൾ അസഭ്യം പറഞ്ഞു. അസീന പൊലീസിനെ വിളിക്കാൻ തുടങ്ങിയതോടെ തർക്കം രൂക്ഷമായി. സഹോദരിയെ അസഭ്യം പറയരുതെന്ന് പറഞ്ഞ അഫ്സലിനെ കാറ്റാടിക്കഴ ഉപയോഗിച്ച് മർദിച്ചു. തറയിൽ വീണപ്പോൾ ചവിട്ടുകയും ചെയ്തു. അഫ്സലിന്റെ തലയ്ക്ക് പൊട്ടലുണ്ട്. നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 16 സ്റ്റിച്ചുണ്ട്. അക്രമാസക്തരായ യുവാക്കളെ തടയാൻ ശ്രമിച്ച നാട്ടുകാർക്കും മർദനമേറ്റു. സംഭവശേഷം അമിതവേഗത്തിൽ വാഹനം ഓടിച്ചുപോയ യുവാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.








0 comments