ad
Deshabhimani

മുങ്ങിയെടുക്കും 
പിരപ്പന്‍ ‘ഗോള്‍ഡ് ’

പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കുളത്തിൽ പരിശീലിക്കുന്ന 
ഡോൾഫിൻ ക്ലബ്ബിലെ കുട്ടികൾ
വെബ് ഡെസ്ക്

Published on Sep 10, 2026, 12:06 AM | 1 min read

തിരുവനന്തപുരം ​

നീന്തൽക്കുളത്തിൽ മുങ്ങാംകുഴിയിട്ടാൽ കൈനിറയെ പൊന്നുവാരിയേ പിരപ്പൻകോടുകാർ കരതേടാറുള്ളൂ. അതിപ്പോൾ ദേശീയ മത്സരമായാലും അന്തർദേശീയമായാലും നീന്തൽക്കുളത്തിൽ ജലരാജ പട്ടം എന്നും പിരപ്പൻകോടിന് സ്വന്തം. സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീന്തൽക്കുളം പിരപ്പൻകോട് സ്ഥാപിച്ചതും ഈ മികവ് പരിഗണിച്ചാണ്. പിരപ്പൻകോട് ഉൾപ്പെടുന്ന മാണിക്കൽ പഞ്ചായത്തിനെ കേരളത്തിന്റെ നീന്തൽ ഗ്രാമമാക്കി വളർത്തിയത് 74 വർഷത്തെ പാരമ്പര്യമുള്ള ഡോൾഫിൻ ക്ലബ്ബാണ്. 1952ൽ പിരപ്പൻകോട് ശ്രീധരൻ നായരും എൻ പരമേശ്വരൻ നായരും ചേർന്നാണ് പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കുളത്തിൽ നീന്തൽ ക്ലബ് (ഡോൾഫിൻ ക്ലബ്) തുടങ്ങിയത്‌. ഇരുനൂറിലധികം താരങ്ങളെയും രാജ്യത്തിന് സംഭാവന ചെയ്തു. ആയിരങ്ങൾക്ക് പരിശീലനവും നൽകി. നീന്തലിലും വാട്ടർപോളോയിലും സംസ്ഥാനത്തിനും ജില്ലയ്ക്കും മുന്നേറ്റത്തിന് നീന്തൽ ഗ്രാമം സഹായമായി. ഒരുകാലത്ത് നീന്തലിലേക്ക് വരാന്‍ മടിച്ചുനിന്നിരുന്ന പെണ്‍കുട്ടികളെ ലോകതാരങ്ങളാക്കി മാറ്റിയതും ക്ലബ്ബിന്റെ മുന്നേറ്റം. സംസ്ഥാനത്ത് ഏറ്റവുമധികം സർക്കാർ ജോലിക്കാരുള്ള ഗ്രാമങ്ങളിൽ ഒന്നാണ് പിരപ്പൻകോട്. രണ്ടായിരത്തിലേറെപ്പേരാണ് കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിൽ വിവിധ കാലങ്ങളിലായി നീന്തൽ മികവിലൂടെ ജോലി നേടിയത്. പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ്, വെഞ്ഞാറമൂട്‌ ഗവ. എച്ച്‌എസ്‌എസ്‌, കന്യാകുളങ്ങര ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലെ നീന്തൽ താരങ്ങളുടെ കളരി ഇന്നും ഡോൾഫിൻ ക്ലബ്ബാണ്. ഡോൾഫിൻ ക്ലബ്, പുലരി സ്വിമ്മിങ് ക്ലബ്, പ്രിയദർശിനി സ്വിമ്മിങ് ക്ലബ്, ഭാരത് സ്പോർട്സ് സെന്റർ, നെല്ലനാട് പഞ്ചായത്തിലെ ആലന്തറ ശ്രീശാസ്താ സ്വിമ്മിങ് ക്ലബ് എന്നിവയാണ് പ്രധാന പരിശീലന ക്ലബ്ബുകൾ. മറ്റ് സ്ഥലങ്ങളിൽനിന്ന്‌ നിരവധിപേരും പരിശീലനത്തിന് എത്തുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home