print edition ഗ്യാനേഷ് കുമാറിന്റെ മകൾക്കുവേണ്ടി ബിജെപി സർക്കാർ സുപ്രീംകോടതിയിലേക്ക്


സ്വന്തം ലേഖകൻ
Published on Sep 10, 2026, 12:39 AM | 1 min read
ന്യൂഡൽഹി: ഡൽഹി സർവകലാശാലാ വിദ്യാർഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാനിയമപ്രകാരം അഞ്ചുമാസം തടവിലിട്ടതിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇരയായ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ മകളും ഗൗതം ബുദ്ധനഗർ ജില്ലാ മജിസ്‌ട്രേറ്റുമായ മേധാ രൂപത്തിന് വേണ്ടി യുപി സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. വിദ്യാർഥിയെ തടവിലിട്ട ഉത്തരവ് പാസാക്കിയ മേധയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയിലെ മലയാളി ജഡ്‌ജി അതുൽ ശ്രീധരന്റെ ബെഞ്ചാണ് രൂക്ഷവിമർശനം ചൊരിഞ്ഞത്. നടപടി ആക്ഷേപാർഹവും പരിഹാസ്യവുമാണെന്ന് പറഞ്ഞ കോടതി, മേധയുടെ നടപടിയെ സ്വേച്ഛാധിപത്യത്തോട് ഉപമിക്കുകയും ചെയ്‌തു. അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി.
വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് യുപി സർക്കാരിന് വേണ്ടി സോളിസിറ്റർ ജനൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിനെ അറിയിച്ചു. മേധയും സ്വന്തം നിലയിൽ അപ്പീൽ നൽകും. നോയ്‌ഡയിൽ നടന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ടാണ് ആകൃതി ചൗധരിയെ ജയിലിലടച്ചത്. തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കാനും പ്രതിഷേധിക്കാനും തയ്യാറാകുന്നവർക്ക് താക്കീത് നൽകാനാണ് ആകൃതിയുടെ അറസ്റ്റിലൂടെ മേധ ശ്രമിച്ചതെന്ന കടുത്ത പരാമർശവും ഹൈക്കോടതി നടത്തി.









0 comments