print edition യുഡിഎഫ് സർക്കാർ ഇഡിയുടെ ഏജന്റാകരുത്: പിബി


സ്വന്തം ലേഖകൻ
Published on Sep 10, 2026, 01:17 AM | 1 min read
ന്യൂഡൽഹി: ഇഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്ന് വി ഡി സതീശൻ സർക്കാരിന് മുന്നറിയിപ്പ് നൽകി സിപിഐ എം പൊളിറ്റ്‌ബ്യൂറോ. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്‌ക്കും സിപിഐ എം നേതാവ് മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട ഇഡി നടപടി അപലപനീയമാണ്. വീണയ്‌ക്കെതിരായ അന്വേഷണം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവച്ച് മോദി സർക്കാർ കേന്ദ്ര ഏജൻസികളെ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. ഇഡി നടപടി കെപിസിസി പ്രസിഡന്റ് ശരിവയ്‌ക്കുകയും കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്.
രാഹുൽ ഗാന്ധിയടക്കം സ്വന്തം നേതാക്കൾക്കെതിരെയുള്ള ഇഡി ഇടപെടലുകളെ എതിർക്കുന്ന കോൺഗ്രസ്, അത് സിപിഐ എം നേതാക്കൾക്കെതിരെയാകുന്പോൾ അനുകൂലിക്കുകയാണ്. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് എംഎൽഎ വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എല്ലാ കോടതിയും എംഎൽഎയുടെ ആവശ്യം തള്ളി. ഇൗ കേസാണ് ഇപ്പോൾ വീണ്ടും കെട്ടിച്ചമയ്‌ക്കാൻ ശ്രമിക്കുന്നത്. രാഷ്‌ട്രീയ പകപോക്കൽ നീക്കത്തെ രാഷ്‌ട്രീയമായും നിയമപരമായും എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ക്കുമെന്നും പി ബി പ്രസ്‌താവനയിൽ പറഞ്ഞു.









0 comments