ജൂബിലി നഗർ റോഡിന് പുതിയ മുഖം
വെള്ളക്കെട്ടിന് ശാശ്വതപരിഹാരം

കല്ലാട്ട്മുക്ക് – നീലാറ്റിൻകര റോഡ്
എം പി ലിജു
Published on Sep 30, 2025, 02:22 AM | 1 min read
ചാല
കല്ലാട്ടുമുക്കിൽനിന്ന് പരുത്തിക്കുഴിയിലേക്കുള്ള പ്രധാന കോർപറേഷൻ പാതയായ ജൂബിലി നഗർ റോഡ് നവീകരണം പൂർത്തിയായി. സുഗമമായ യാത്രയ്ക്കൊപ്പം മഴക്കാലത്തെ യാത്രാക്ലേശത്തിനും പരിഹാരം. 40 ലക്ഷം രൂപ ചെലവിലാണ് കല്ലാട്ടുമുക്കുമുതൽ നീലാറ്റിൻകരവരെയുള്ള ഭാഗം കോർപറേഷൻ ഇന്റർലോക്ക് പാകി നവീകരിച്ചത്. എപ്പോഴും ഊറ്റുവെള്ളമുള്ള സ്ഥലമായതിനാൽ ടാർ ചെയ്താലും വളരെ പെട്ടെന്ന് കുഴികൾ രൂപപ്പെട്ട് വാഹനാപകടങ്ങൾ പതിവുമായിരുന്നു. മഴവെള്ളം സുഗമമായി ഒഴുകുന്നതിന് റോഡിന്റെ വശത്തുള്ള ഓടയും ആഴംകൂട്ടി നവീകരിച്ചു. സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്ത് ഒരടി കനത്തിൽ കോൺക്രീറ്റ് ചെയ്ത് ശാശ്വതപരിഹാരം കണ്ടു. കുമരിച്ചന്ത മേൽപ്പാലം പണി നടക്കുന്നതിനാൽ നിരവധിപേരാണ് ജൂബിലി നഗർ റോഡ് ഉപയോഗപ്പെടുത്തുന്നത്. തദ്ദേശീയർ എംസി റോഡിലേക്കും നാഷണൽ ഹൈവേയിലേക്കും പോകുന്നതിന് പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. കമലേശ്വരം വാർഡ് കൗൺസിലർ വി വിജയകുമാരിയുടെ നേതൃത്വത്തില്‍ നടന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് നവീകരണം. കോർപറേഷൻ തെരഞ്ഞെടുപ്പുകാലത്തെ പ്രദേശവാസികളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ് യാഥാർഥ്യമായത്.










0 comments