വിഖ്യാത മാന്ത്രികൻ പി സി സർക്കാരിന് ആദരം അർപ്പിച്ച് മാജിക് പ്ലാനറ്റ്

തിരുവനന്തപുരം: വിഖ്യാത മാന്ത്രികൻ പി സി സർക്കാർ ഇന്ദ്രജാല ലോകത്തിന് സംഭാവന ചെയ്ത വാട്ടർ ഓഫ് ഇന്ത്യ മാജിക് പുനരവതരിപ്പിച്ച് കാണികളുടെ കൈയടി നേടി മകൻ പി സി സർക്കാർ ജൂനിയർ. കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ പി സി സർക്കാറിന് ആദരമായി സ്ഥാപിച്ച പ്രതിമയ്ക്കു മുന്നിലാണ് മകൻ തത്സമയം ജാലവിദ്യ അവതരിപ്പിച്ച് കാണികളെ ആവേശം കൊള്ളിച്ചത്. ഒരിക്കലും നിലയ്ക്കാത്ത ജലസമൃദ്ധിയുടെ പ്രതീകമായാണ് വാട്ടർ ഓഫ് ഇന്ത്യ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടത്. സർക്കാർ കുടുംബത്തിലെ ഒമ്പതാം തലമുറയിൽപ്പെട്ട പി സി സർക്കാർ ജൂനിയറിന്റെ മകൾ മനേകാ സർക്കാറും വാട്ടർ ഓഫ് ഇന്ത്യ മാജിക് അവതരിപ്പിച്ചത് കാണികൾക്ക് ഇരട്ടിമധുരമായി.
ചടങ്ങിൽ പി സി സർക്കാർ ജൂനിയർ, മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ സാമൂഹിക പ്രവർത്തനങ്ങളെ പ്രശംസിച്ചു. പ്രൊഫഷണൽ മാന്ത്രികൻ എന്ന നിലയിലുള്ള തന്റെ കരിയർ ഉപേക്ഷിച്ച്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന മുതുകാടിന്റെ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം മനോഹരമായ സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി അദ്ദേഹം നടത്തുന്ന ഡിഫറന്റ് ആർട്ട്സ് സെന്റർ, അതുപോലെ കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന 'ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് എന്നിവയെ അദ്ദേഹം പ്രകീർത്തിച്ചു.
പി സി സർക്കാർ ജൂനിയർ, അദ്ദേഹത്തിന്റെ പത്‌നി ജയശ്രീ ദേവി, മകളും മജിഷ്യയുമായ മനേകാ എന്നിവരെ പ്രമുഖ വ്യവസായിയും ചടങ്ങിലെ മുഖ്യാതിഥിയുമായ ഗോകുലം ഗോപാലൻ ആദരിച്ചു. മാജിക് അക്കാദമി, മാജിക് പ്ലാനറ്റ്, ഡിഎസി, ഐഐപിഡി തുടങ്ങിയ ഗോപിനാഥ് മുതുകാടിന്റെ സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും ഗോകുലം ഗോപാലൻ വാഗ്ദാനം ചെയ്തു. ഇന്ത്യൻ മാജിക്കിന്റെ പാരമ്പര്യത്തെ ആദരിക്കുന്നതോടൊപ്പം, കലയെ സാമൂഹിക മാറ്റത്തിനുള്ള ഒരു ഉപകരണമായി എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ചടങ്ങ് ഓർമ്മിപ്പിച്ചു.









0 comments