ചെളിക്കുണ്ടിൽനിന്ന് ഹൈടെക് വിസ്മയത്തിലേക്ക്

പനച്ചമൂട് ചന്തയുടെ പുതിയ കെട്ടിടം
അഖിലേഷ് ആനാവൂർ
Published on Mar 31, 2026, 11:05 PM | 1 min read
വെള്ളറട
"പണ്ട് മഴ പെയ്താൽ ഈ ചന്തയ്ക്കുള്ളിൽ കാലുകുത്താൻ പറ്റില്ലായിരുന്നു. ചെളിയും ചെളിവെള്ളവും കെട്ടിക്കിടന്ന് ശ്വാസംമുട്ടുന്ന അവസ്ഥ. ലേലം നടക്കുന്നത് റോഡരികിൽ. ദുർഗന്ധം കാരണം ഈ വഴി പോകാൻ പറ്റില്ലായിരുന്നു. എന്നാൽ ഇന്ന് ഈ വലിയ കെട്ടിടം കാണുമ്പോൾ കണ്ണ് നിറയുന്നു. ഇത് ഞങ്ങളുടെ നാടിന്റെ വലിയ മാറ്റമാണ്."– പനച്ചമൂട് ചന്തയിലെ വ്യാപാരി ഷംനാദിന്റെ വാക്കുകളിൽ ആശ്വാസത്തിന്റെ കുളിർകാറ്റ്. മലയോര മേഖലയുടെ വാണിജ്യ സിരാകേന്ദ്രമായ പനച്ചമൂട് പൊതുചന്തയാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പുനർജനിച്ചത്. കിഫ്ബിയിൽനിന്ന് അനുവദിച്ച 20 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ, 6.11 കോടി ചെലവഴിച്ചുള്ള ഒന്നാംഘട്ടമാണ് പൂർത്തിയായത്. മലയോര കർഷകർക്കും വ്യാപാരികൾക്കും ഇത് വെറുമൊരു കെട്ടിടമല്ല, അതിജീവനത്തിന്റെ അധ്യായമാണ്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് കർഷകരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത നവീകരിച്ചത്. താഴത്തെ നിലയിൽ 50 റീട്ടെയിൽ സ്റ്റാളുകൾ, രണ്ട് ലേല ഹാൾ, ലേലം വിളിക്കാനെത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി, മുകളിലത്തെ നിലയിൽ പച്ചക്കറി, മത്സ്യ-മാംസ വിപണനത്തിനായി ശാസ്ത്രീയമായി ക്രമീകരിച്ച പ്രത്യേക വിഭാഗങ്ങളും ശുചിത്വം ഉറപ്പാക്കാൻ ആധുനിക ഡ്രെയിനേജ് സംവിധാനവും മലിനജല സംസ്കരണ പ്ലാന്റും (എസ്ടിപി) പുതിയ സമുച്ചയത്തിന്റെ പ്രത്യേകതയാണ്. യുഡിഎഫ് ഭരണസമിതിയുടെ കാലത്തുണ്ടായ അനാവശ്യ തർക്കങ്ങൾ കാരണം പാതിവഴിയിൽ നിലച്ചുപോയ നിർമാണ പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത്. തീരദേശ വികസന കോർപറേഷന്റെ മേൽനോട്ടത്തിൽ 2023 ജൂണിൽ ആരംഭിച്ച പ്രവൃത്തികൾ റെക്കോഡ് വേഗത്തിലാണ് പൂർത്തിയാകുന്നത്. വെള്ളറട, അമ്പൂരി, ഒറ്റശേഖരമംഗലം തുടങ്ങിയ മലയോര പഞ്ചായത്തുകളിലെയും തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് ഈ വികസനം പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. ഒരു മാസത്തിനകം ചന്ത പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിലെ തന്നെ മികച്ച ഹൈടെക് ചന്തകളിൽ ഒന്നായി മാറും.










0 comments