ഇഡി കേസ് ബിജെപി–- കോൺഗ്രസ് ഡീലിന്റെ ഭാഗം: പി ജയരാജൻ

കല്ലറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോടിന്റെ പ്രചാരണാർഥം കളമച്ചലിൽ സംഘടിപ്പിച്ച പൊതുയോഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
വെഞ്ഞാറമൂട്
ബിജെപി–- കോൺഗ്രസ് ഡീലിന്റെ ഭാഗമായാണ് പിണറായിക്കെതിരെ കേസെടുക്കാനുള്ള നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ. കല്ലറ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോടിന്റെ പ്രചാരണാർഥം കളമച്ചലിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് പ്രീണനവും വർഗീയതയുമാണ് ബിജെപിയുടെ മുഖമുദ്ര. ബിജെപിക്ക് വളരാൻ എല്ലാവിധ പ്രോത്സാഹനവും കേരളത്തിൽ യുഡിഎഫ് സർക്കാർ ചെയ്യുകയാണ്. കോൺഗ്രസ്–ബിജെപി ഗൂഢാലോചന കേരളത്തിലെ ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കും. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളം ആർജിച്ചെടുത്ത നേട്ടങ്ങളെയാകെ ഇല്ലാതാക്കി നാശത്തിലേക്ക് തള്ളിവിടുകയാണ്. സത്യപ്രതിജ്ഞാലംഘനം നടത്തുന്ന മന്ത്രിമാരും അതിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി ജി ബിജു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡി കെ മുരളി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ, ഏരിയ സെക്രട്ടറിമാരായ ഇ എ സലിം, കെ പി പ്രമോഷ്, ജില്ലാ പഞ്ചായത്ത് അംഗം പി വി രാജേഷ്, കാക്കക്കുന്ന് മോഹനൻ, കെ ദേവദാസൻ, കാഞ്ഞിരംപാറ മോഹനൻ, എസ് കെ ലെനിൻ, മേലേവിള രാജൻ തുടങ്ങിയവർ സംസാരിച്ചു.









0 comments