അറിയുമോ, ഞങ്ങളുടെ ഓണക്കളികൾ

കുട്ടിയും കോലും കളി
ബിമൽ പേരയം
Published on Aug 23, 2026, 12:00 AM | 1 min read
തിരുവനന്തപുരം
തലപ്പന്ത്, കിളിത്തട്ട്, കുട്ടിയും കോലും, ഗോലികളി (കോട്ടികളി), പാണ്ടിക്കളി തുടങ്ങിയ ജനകീയ കളികളാൽ സമ്പന്നമായിരുന്ന ഓണക്കാലമാകും മില്ലേനിയൽസിന്റെയും പഴയ തലമുറയുടെയും ഓർമകളിൽ. ഗ്രാമീണസംസ്‌കൃതിയുടെയും കൂട്ടായ്‌മയുടെയും പ്രതീകങ്ങളായിരുന്ന പഴയ തലമുറയുടെ ഓണക്കളികൾ ജെൻസി കുട്ടികൾക്കിടയിൽ അത്ര പ്രചാരത്തിലില്ല. ഓണക്കാലമായാൽ ഉണരുന്ന ചെറുതും വലുതുമായ നിരവധി കളികളുടെ കലന്പലുകൾ പഴമക്കാർ ഓർത്തെടുക്കുന്നു. റബ്ബർ പന്ത് കിട്ടിയില്ലെങ്കിൽ ഓലകൊണ്ട് മെനഞ്ഞതോ തുണിചുറ്റി കെട്ടിയതോ ഒക്കെയാകും പന്ത്. മുന്നിലെ കുറ്റിക്ക് അഭിമുഖമായിനിന്ന് തലയ്ക്ക് മുകളിലൂടെ ചുഴറ്റിയെറിയുന്ന കളിയാണ് തലപ്പന്ത്. കളിക്കളത്തെ പല കളങ്ങളായി തിരിച്ച് എതിരാളികളുടെ കണ്ണുവെട്ടിച്ച് തട്ടിനുള്ളിലൂടെ കടന്നുപോകുന്ന വിനോദമാണ് കിളിത്തട്ട്. ഒരു ചെറിയ വടിയും (കുട്ടി) വലിയൊരു കോലും ഉപയോഗിച്ചുള്ള കളിയുടെ പേര് കുട്ടിയും കോലും. രണ്ട് കുഴിയുണ്ടാക്കി എതിരാളിയുടെ ഗോലിയെ അടിച്ച് കുഴിയിലിടുന്നതാണ് ഗോലികളി. പാണ്ടിക്കളിയോട് പ്രിയം പെൺകുട്ടികൾക്കായിരുന്നു. വരച്ചിട്ട കളങ്ങളിലെ വരകളിൽ പാണ്ടി (പരന്ന കല്ല്) തട്ടിനിൽക്കാതെ ഒറ്റക്കാലിലൂന്നി ഒടുവിലത്തെ കളത്തിൽ പാണ്ടിയെത്തിക്കുന്നതാണ് കളി. വലിയ മൈതാനങ്ങൾ ആവശ്യമില്ലാത്തതാകാം ഇവയൊക്കെ ജനകീയമാകാൻ കാരണം. ഡപ്പകളി, ഒളിച്ചുകളി, ഇൗർക്കിൽ ഉപയോഗിച്ചുള്ള തള്ളയും കുഞ്ഞും കളി എന്നിങ്ങനെ കളിയിനങ്ങളുടെ പട്ടിക നീളും. വട്ടത്തിലിരുന്നുള്ള കളികളും ധാരാളം. വട്ടത്തിലിരുന്ന് കൈകോർത്ത് പാട്ട് പാടുന്ന കളിയായിരുന്നു മാണിക്കചെന്പഴുക്ക. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായിക്കുന്നവയായിരുന്നു ഇത്തരം ഓണക്കളികൾ. ഇതിൽ പിന്നയ്ക്ക പെറുക്കൽ, കുളംകര തുടങ്ങിയവ ഇന്നും ഗ്രാമീണ ക്ലബ്ബുകളും വായനശാലകളുമെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാക്കാറുണ്ട്. സർവത്ര ഡിജിറ്റലായ കാലത്ത് ഓണക്കളികളിൽ വടംവലി അന്നും ഇന്നും ആവേശത്തോടെ തുടരുന്നുണ്ട്.










0 comments