തിരിഞ്ഞുനോക്കാൻ ആളില്ല; പൊളിഞ്ഞുവീഴുന്നു പകുതിക്കച്ചേരി

നശിച്ചുതുടങ്ങിയ പെരുങ്കടവിള പകുതിക്കച്ചേരി കെട്ടിടം
നെയ്യാറ്റിൻകര
നാടിന്റെ ചരിത്രവും ഭരണപാരമ്പര്യവും വിളിച്ചോതുന്ന പെരുങ്കടവിളയിലെ പ്രസിദ്ധമായ ‘പകുതിക്കച്ചേരി' കെട്ടിടം അധികൃതരുടെ കടുത്ത അവഗണനയിൽ നശിക്കുന്നു. തിരുവിതാംകൂർ രാജഭരണകാലത്തെ വിവിധ തരത്തിലുള്ള വ്യവഹാരങ്ങൾക്കും ഭരണനടപടികൾക്കും തീർപ്പുകൽപ്പിച്ചിരുന്ന കേന്ദ്രമാണ് സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നത്. പെരുങ്കടവിള പഴയ ചെക്ക്പോസ്റ്റ് കവലയിൽ 40 സെന്റിലാണ് പകുതി കച്ചേരി സ്ഥിതിചെയ്യുന്നത്. രാജഭരണകാലം മാറി ദീർഘകാലം കെട്ടിടം വില്ലേജ് ഓഫീസായി. ഓഫീസ് മാറിയതോടെ കെട്ടിടം നവീകരിക്കാനോ സംരക്ഷിക്കാനോ അധികൃതരോ പെരുങ്കടവിള പഞ്ചായത്തോ തയ്യാറായില്ല. മേൽക്കൂരയിലെ ഓടുകൾ തകർന്ന് മഴക്കാലത്ത് കച്ചേരിക്കുള്ളിലേക്ക് വെള്ളം ചോർന്നൊലിക്കുകയാണ്. തടികൊണ്ടുള്ള ഭാഗങ്ങളും പഴക്കമേറിയ ചുമരുകളും ഈർപ്പം തട്ടി അടർന്നുവീഴുന്നു. കെട്ടിടത്തിന് ചുറ്റും കാടുമൂടിക്കിടക്കുന്നതിനാൽ ഇവിടം ഇഴജന്തുക്കളുടെ താവളമായി. കെട്ടിടത്തിന്റെ സംരക്ഷണമാവശ്യപ്പെട്ട് നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും ഒട്ടേറെ തവണ വകുപ്പുകൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും ഫലവുമുണ്ടായില്ല. പകുതി കച്ചേരി കെട്ടിടം പുരാവസ്തു, റവന്യു വകുപ്പുകൾ ഏറ്റെടുത്ത് നവീകരിക്കണമെന്നാണ് നാടിന്റെയാകെ ആവശ്യം. കെട്ടിടം പൂർവസ്ഥിതിയിൽ സംരക്ഷിച്ച് പൈതൃക മ്യൂസിയമോ സാംസ്കാരിക കേന്ദ്രമോ ആക്കി മാറ്റിയാൽ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുനൽകാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു. നശിക്കുന്നത് ഒരുകാലത്തെ ‘വില്ലേജ് ഓഫീസ്’ ഇന്നത്തെ വില്ലേജ് ഓഫീസുകൾക്ക് സമാനമായി പ്രവർത്തിക്കുകയും നാട്ടുഭരണത്തിന്റെ സിരാകേന്ദ്രമായി നിലകൊള്ളുകയുംചെയ്ത ചരിത്രസ്മാരകമാണ് അധികൃതരുടെ അലംഭാവത്താൽ ദുരവസ്ഥയിലായത്. ഒരുകാലത്ത് പ്രദേശത്തെ റവന്യു ഇടപാടുകൾ, നികുതി പിരിവ്, പ്രാദേശിക തർക്കപരിഹാരങ്ങൾ എന്നിവയുടെയെല്ലാം പ്രധാന കേന്ദ്രമായിരുന്നു. പരമ്പരാഗത തിരുവിതാംകൂർ വാസ്തുശിൽപ്പരീതിയുടെ ഉത്തമ മാതൃകയാണ് കെട്ടിടം. കനത്ത തടികൊണ്ടുള്ള ഉത്തരങ്ങളും വിശാലമായ വരാന്തകളും ഉറപ്പുള്ള കൽച്ചുമരുകളും അടങ്ങിയ നിർമിതി നാടിന്റെ തലയെടുപ്പുള്ള ചരിത്രശേഷിപ്പാണ്.








0 comments