വിവാഹവാഗ്ദാനം നൽകി പീഡനം
യുവതിയുടെ സ്വർണവും പണവും കവർന്നയാൾ അറസ്റ്റിൽ

നെടുമങ്ങാട്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം യുവതിയുടെ സ്വർണവും പണവും തട്ടിയെടുത്തയാൾ അറസ്റ്റിൽ. തൃശൂർ തളിക്കുളം സ്വദേശി പി എ ഷജീറാണ് (47) അറസ്റ്റിലായത്. പ്രണയം നടിച്ച് യുവതിയുടെ പക്കല്‍നിന്ന് സ്വർണവും പണവും ബാങ്ക് രേഖകളും പ്രതി കൈക്കലാക്കുകയായിരുന്നു. തമ്പാനൂർ കെഎസ്ആർടിസി ബസ്‌സ്‌റ്റാൻഡിൽ വച്ചാണ് പ്രതിയും പരാതിക്കാരിയും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലാവുകയും വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. ഇതുപ്രകാരം ആഗസ്ത് 12ന് തമ്പാനൂരില്‍ ബസ് സ്റ്റാൻഡിലെത്തിയ യുവതിയെ ഇയാള്‍ ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയി യുവതിയുടെ കൈവശമുണ്ടായിരുന്ന 90,000 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഉച്ചയോടെ ഇരുവരും തമിഴ്നാട്ടിലെ ഏർവാടി പള്ളിക്ക് സമീപമുള്ള ലോഡ്ജിലെത്തി മുറിയെടുത്ത്, രണ്ടുദിവസം അവിടെ താമസിച്ചു. ഇ വിടെ വച്ച് യുവതിയുടെ കൈ യിലുണ്ടായിരുന്ന അരപ്പവന്റെ മോതിരം, ഡയമണ്ട് കമ്മൽ, മൂക്കുത്തി, ബാങ്ക് പാസ് ബുക്ക്, ചെക്ക് ബുക്ക്, ഫിക്സഡ് ഡിപ്പോസിറ്റ് രസീത് എന്നിവയും കവർന്നു. 16ന് പുലർച്ചെ യുവതിയെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി. തുടര്‍ന്നാണ് യുവതി ആര്യനാട് പൊലീസില്‍ പരാതിപ്പെട്ടത്. തൃശൂർ മെഡിക്കൽ കോളേജ് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കാട്ടാക്കട ഡിവൈഎസ്‌പി ബിനു, ആര്യനാട് സിഐ സജിൻ ലൂയിസ്, ആർ യു അരുൺ, നെവിൽ, ഹരീഷ്, സജീർ എന്നിവരാണ് അറസ്റ്റ് ചെയ്‌തത്.








0 comments