ഡോക്ടറുമില്ല, ഫാര്‍മസിസ്റ്റുമില്ല; രോഗികൾ പ്രതിസന്ധിയിൽ

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രം
മംഗലപുരം
രോഗികളെ പരിപാലിക്കാന്‍ ഡോക്ടറും മരുന്നുനൽകാൻ ഫാര്‍മസിസ്റ്റും ഇല്ലാതെ അണ്ടൂർക്കോണം പ്രാഥമികാരോഗ്യകേന്ദ്രം. ഫാര്‍മസിസ്റ്റ് സസ്പെന്‍ഷനില്‍ ആയതോടെ മരുന്നുവിതരണവും താളംതെറ്റി. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുപോലും രോഗികൾക്ക് കിട്ടാനില്ല. ബൗദ്ധിക വെല്ലുവിളി നേരിടുന്ന യുവാവിന് മരുന്നുമാറി നൽകിയതിനെ തുടര്‍ന്നുള്ള പരാതിയിലാണ് ഫാർമസിസ്റ്റ് സസ്പെന്‍ഷനിലായത്. എന്നാല്‍, പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. എൽഡിഎഫ് സർക്കാർ രാത്രികളിലും ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയ ആശുപത്രിയിലാണീ ദുര്‍ഗതി. രാത്രി 9 മുതൽ രാവിലെ ഏഴുവരെ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പായിരുന്നു. എന്നാൽ, ഇപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ ഇല്ലാതെ സേവനം തടസ്സപ്പെട്ടു. നിലവിലുണ്ടായിരുന്ന ഡോക്ടറുടെ കരാര്‍ കാലാവധി കഴിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ ഡോക്ടറെ നിയമിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ ആരംഭിച്ച ഡയാലിസിസ് യൂണിറ്റും പ്രവർത്തനം നിർത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രത്തിൽ അടിയന്തര അപകട പരിചരണംപോലും ലഭിക്കുന്നില്ലായെന്നും പരാതിയുണ്ട്. ആശുപത്രിയിലെ ചികിത്സാ നിഷേധത്തിനെതിരെ നാട്ടുകാരും രോഗികളും പ്രതിഷേധത്തിലാണ്.








0 comments