സംരക്ഷണമില്ലാതെ നെയ്യാർഡാം കനാലുകൾ

അരികുഭിത്തി ഇടിഞ്ഞ നെയ്യാർ ഡാം കനാൽ
വെള്ളറട
നെയ്യാർ അണക്കെട്ടിന്റെ ജലവിതരണ കനാലുകൾ അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു. ഇടതുകര, വലതുകര കനാലുകളുടെ പാർശ്വഭിത്തികൾ തകർന്നും കാടുമൂടിയും കിടക്കുന്നതിനാൽ നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ടു. പാർശ്വഭിത്തികൾ ഇടിഞ്ഞുതാഴുന്നത് ഡാമിലേക്കുള്ള പ്രധാന റോഡിനെയും അപകടാവസ്ഥയിലാക്കി. ആര്യങ്കോട്, പാറശാല, പെരുങ്കടവിള പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഇടതുകര കനാലിനെക്കാൾ കള്ളിക്കാട്, പൂവച്ചൽ, കാട്ടാക്കട, മാറനല്ലൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വലതുകര കനാലാണ് ഏറെ തകർന്നത്. ഡാമിന് സമീപം ഓരോ മഴക്കാലത്തും വലിയ തോതിൽ ബണ്ടിടിയുന്നുണ്ട്. ഭിത്തികളിൽ വളർന്നുനിൽക്കുന്ന പാഴ്‌മരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും വേരുകൾ ആഴ്‌ന്നിറങ്ങുന്നതാണ് പ്രധാന കാരണം. കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാത്തതിനാൽ കനാലിൽ മണ്ണും മാലിന്യവും അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇതോടെ ജലസേചനത്തിനായി തുറന്നുവിടുന്ന വെള്ളത്തിനൊപ്പം മാലിന്യങ്ങളും കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തുന്നതായി കർഷകർ പരാതിപ്പെടുന്നു. വലതുകര കനാൽ തുടങ്ങുന്ന നെയ്യാർഡാംമുതൽ വെള്ളായണിവരെയും ഇടതുകര കനാലിലും സമാനരീതിയിൽ കാടുമൂടിയിരിക്കുകയാണ്. നെയ്യാർഡാംമുതൽ മാറനല്ലൂർവരെ മണ്ണിടിച്ചിൽ രൂക്ഷമാണ്. പാർശ്വഭിത്തി ബലപ്പെടുത്തി റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ജലസേചന വകുപ്പിന് നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായില്ല. ഈ വർഷത്തെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച 34.65 ലക്ഷം രൂപ ഉപയോഗിച്ച് ഡാംമുതൽ മാരായമുട്ടംവരെയുള്ള 17 കിലോമീറ്റർ കനാൽ നവീകരിക്കാനൊരുങ്ങുകയാണ്. വലതുകര കനാലിന്റെ നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും ഫണ്ട് അനുവദിക്കുകയോ നിർമാണം ആരംഭിക്കുകയോ ചെയ്തിട്ടില്ല.







0 comments