പൊലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച

വെഞ്ഞാറമൂട്
കന്യാകുളങ്ങരയിൽ പട്ടാപ്പകൽ പൊലീസുകാരന്റെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന മൂന്നുപേരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം രാജാജി നഗർ സ്വദേശി അനിൽകുമാർ (44, കള്ളൻ കുമാർ), ശ്രീകാര്യം പൗഡിക്കോണം ഉളിയഴത്തുറ പാണൻവിള കടയിൽവീട്ടിൽ ബിജുകുമാർ (49, ബ്രൂസ്‌ലി ബിജു), നേമം പൊന്നുമംഗലം പ്ലാവുവിളവീട്ടിൽ നവാസ് (53, ബാറ്ററി നവാസ്) എന്നിവരാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞ ഇവരെ കോവളത്തുനിന്നാണ് പിടികൂടിയത്. 24ന്- രാവിലെ ഒന്പതിനാണ് സംഘം വട്ടപ്പാറ സ്റ്റേഷനിലെ പൊലീസുകാരൻ എ കെ ജസ്‌നാദിന്റെ വീടായ വെമ്പായം കന്യാകുളങ്ങരയിലെ ജാസ്മിൻ മൻസിലിൽ മോഷണം നടത്തിയത്. ജസ്‌നാദ് ഡ്യൂട്ടിക്കായും അധ്യാപികയായ ഭാര്യ ഡയാനയും മക്കളും സ്കൂളിലേക്കും പോയതായിരുന്നു. മുൻവാതിലിന്റെ പൂട്ട് തകർത്താണ് പ്രതികൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ ചുവരലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴേകാൽ പവൻ കവർന്നു. വസ്ത്രങ്ങളും അടുക്കളയിൽനിന്ന് അരിയും പഞ്ചസാരയുമടക്കവും വാരിവലിച്ചിട്ട നിലയിലായിരുന്നു. ജയിലിൽവച്ച് പരിചയപ്പെട്ട പ്രതികൾ മോചിതരായശേഷം സംഘമായി മോഷണം നടത്തിവരികയായിരുന്നു. ഒന്നാം പ്രതി അനിൽകുമാറും രണ്ടാം പ്രതി ബിജുകുമാറും ബൈക്കിൽ പകൽസമയങ്ങളിൽ കറങ്ങിനടന്ന് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന ആളില്ലാത്ത വീടുകൾ കണ്ടെത്തും. തുടർന്ന് വാതിലുകളുടെ പൂട്ട് തകർത്ത് അകത്തുകയറും. മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റഴിച്ചിരുന്നത് മൂന്നാംപ്രതി നവാസാണ്. ആറ്റിങ്ങൽ ഡിവൈഎസ്‌പി അജി ചന്ദ്രൻ നായർ, വെഞ്ഞാറമൂട് സി ഐ ജയകൃഷ്ണൻ, എസ്എച്ച്ഒ ഷെമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വഞ്ചിയൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും കാപ്പാ പ്രകാരം തടവിൽ കഴിഞ്ഞയാളുമാണ് അനിൽകുമാർ. ബാറ്ററി മോഷണക്കേസുകളിൽ പ്രതിയാണ് നവാസ്. ബിജുകുമാറിനെതിരെയും മോഷണക്കേസുകളുണ്ട്.








0 comments