Deshabhimani

 കൊച്ചി കോർപറേഷൻ

പാവങ്ങൾക്ക്‌ ഭക്ഷ്യകിറ്റില്ല; 
മേയർക്ക്‌ തിടുക്കം പാർക്കുണ്ടാക്കാൻ

kit
വെബ് ഡെസ്ക്

Published on Nov 28, 2026, 03:11 AM | 2 min read

കൊച്ചി


നഗരത്തിലെ അതിദരിദ്രർ ഭക്ഷ്യകിറ്റ്‌ ലഭിക്കാതെ പ്രയാസപ്പെടുന്പോൾ യുഡിഎഫ്‌ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതിക്ക്‌ തിടുക്കം പാർക്കുണ്ടാക്കാൻ. പനമ്പിള്ളി നഗറിൽ കോർപറേഷന്റെ ഉടമസ്ഥതയിൽ ഒരു ഏക്കറിൽ ‘പി ടി പാർക്ക്‌’ നിർമിക്കാനാണ്‌ മേയർക്കും ഭരണസമിതി അംഗങ്ങൾക്കും ഉത്സാഹം. നഗരത്തിലെ ഇരുനൂറിലധികം അതിദരിദ്രവിഭാഗത്തിലുള്ളവർക്ക്‌ ഭക്ഷ്യകിറ്റ്‌ വിതരണം മുടങ്ങിയിട്ട്‌ മാസങ്ങളായിട്ടും നടപടി സ്വീകരിക്കാൻ ഭരണസമിതിക്ക്‌ കഴിഞ്ഞിട്ടില്ല. പാർക്കിന്റെ സർവേ പൂർത്തിയാക്കി രൂപകൽപ്പന തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.


ലൈബ്രറി, ഓപ്പൺ എയർ തിയറ്റർ സംവിധാനം, പി ടി ഓർമയിൽ വിഷ്വൽ ഗ്യാലറി എന്നിവയുണ്ട്‌. പുരോഗതി വിലയിരുത്താൻ മേയർ വി കെ മിനിമോളുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്‌ച പദ്ധതിസ്ഥലം സന്ദർശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം യുഡിഎഫ്‌ സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതോടെ കോർപറേഷന്റെ പദ്ധതിവിഹിതത്തിലും വൻ ഇടിവുണ്ടായി.


കിറ്റ്‌ വിതരണത്തിനായി തുക വകയിരുത്തുന്നതടക്കമുള്ള നടപടികളെ ഇത്‌ പ്രതികൂലമായി ബാധിച്ചു. ഇതോടെയാണ്‌ ഭക്ഷ്യകിറ്റ്‌ വിതരണം നിലച്ചത്‌. കോർപറേഷൻ പരിധിയിൽ ഇരുനൂറിലധികം ഗുണഭോക്താക്കൾക്കാണ്‌ കിറ്റ്‌ ലഭിച്ചിരുന്നത്‌. വിവിധതരം ഭക്ഷ്യോൽപ്പന്നങ്ങൾ കിറ്റിലുണ്ടായിരുന്നു. മാസംതോറും വീട്ടിൽ എത്തിച്ചിരുന്ന കിറ്റ്‌ പാവപ്പെട്ട കുടുംബങ്ങൾക്ക്‌ ഏറെ ആശ്വാസവും സഹായകരവുമായിരുന്നു. പദ്ധതി നടപ്പാക്കാൻ 30 ലക്ഷം രൂപയാണ്‌ കണക്കാക്കിയിരിക്കുന്നത്‌. യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ എത്തിയതോടെ അതിദരിദ്രരുടെയും സാന്ത്വനപരിചരണം തേടുന്നവരുടെയെല്ലാം ജീവിതം പ്രയാസത്തിലായിരിക്കുകയാണ്‌.



റോ റോ സ‍ൗജന്യയാത്ര


കോർപറേഷൻ നൽകാനുള്ളത്‌ 7.27 ലക്ഷം


കൊച്ചി


ഫോർട്ട്‌ കൊച്ചി–വൈപ്പിൻ റോ റോയിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര പദ്ധതി നടപ്പാക്കിയതിൽ കൊച്ചി കോർപറേഷൻ റോ റോ സർവീസ്‌ നടത്തുന്ന കെഎസ്‌ഐഎൻസിക്ക്‌ നൽകാനുള്ളത്‌ 7.27 ലക്ഷം. എന്നാൽ, ഇതുവരെ ചില്ലിക്കാശ്‌ യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി നൽകിയിട്ടില്ല. ജൂലൈ 12നാണ്‌ സ‍ൗജന്യയാത്രാപദ്ധതി നടപ്പാക്കിയത്‌. മൂന്നുരൂപയാണ്‌ റോ റോയിലെ യാത്രാനിരക്ക്. പദ്ധതി പ്രാബല്യത്തിലായതോടെ സ്‌ത്രീകൾക്ക്‌ യാത്ര സ‍ൗജന്യമായി.


ജൂലൈയിൽ 30142, ആഗസ്‌ത്‌–48507, സെപ്‌തംബർ–57590, ഒക്‌ടോബറിൽ 62584, നവംബർ–43780 സ്‌ത്രീയാത്രക്കാർ റോ റോയിലുണ്ടായി. ഇതുപ്രകാരം 7,27,809 രൂപയുടെ സ‍ൗജന്യമാണ്‌ ലഭ്യമാക്കിയത്‌. എന്നാൽ, സർവീസ്‌ നടത്തിപ്പുകാരായ കെഎസ്‌ഐഎൻസിക്ക്‌ ഇ‍ൗയിനത്തിൽ ഇതുവരെ തുക അനുവദിച്ചിട്ടില്ല. എൽഡിഎഫ്‌ സ‍ൗജന്യയാത്രാ പദ്ധതിയെ എതിർത്തിരുന്നില്ല. എന്നാൽ റോ റോയുടെ നഷ്ടത്തിന്റെ അളവ്‌ കൂടിയെന്നുവരുത്താൻ ശ്രമിക്കരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നു.


എന്നാൽ, ഇ‍ൗ ദിശയിലേക്കാണിപ്പോൾ കാര്യങ്ങൾ പോകുന്നത്‌. റോ റോ കൃത്യമായി നിരീക്ഷിക്കുന്നതിനും കൃത്യമായ സർവീസ്‌ ഉറപ്പാക്കുന്നതിനും വരുമാനചോർച്ച തടയാനും ഫലപ്രദമായ നടപടി യുഡിഎഫ്‌ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. എൽഡിഎഫ്‌ ഭരണകാലയളവിൽ ഭൂരിഭാഗം നിർമാണം പൂർത്തിയാക്കിയ മൂന്നാം റോ റോ നിലവിലെ ഭരണസമിതി ഉദ്‌ഘാടനം നടത്തിയശേഷം സർവീസിനിറക്കിയത്‌ അടുത്തിടെയാണ്‌. അതും എൽഡിഎഫ്‌ ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധമുയർത്തിയതിനെ തുടർന്നായിരുന്നു. യുഡിഎഫ്‌ ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും റോ റോ സർവീസിനെയുൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്‌.


നഷ്ടം നികത്താൻ ടിക്കറ്റ്‌ നിരക്ക്‌ ഉയർത്തേണ്ട സാഹചര്യം ഉൾപ്പെടെ സംജാതമായേക്കും. സമൃദ്ധി@ജനകീയ ഹോട്ടൽ നടത്തിപ്പിലടക്കം സമാന മനോഭാവമാണ്‌ കോർപറേഷന്‌. സമൃദ്ധിയുടെ ചെലവിലാണ്‌ യുഡിഎഫ്‌ ഭരണസമിതി ഇന്ദിര കാന്റീൻ നടത്തുന്നത്‌. തുടർന്ന്‌ 30 ലക്ഷത്തിനടുത്ത്‌ രൂപയുടെ ബാധ്യതയാണ്‌ സമൃദ്ധിക്കുണ്ടായത്‌. നിക്ഷിപ്‌ത താൽപ്പര്യം ഒഴിവാക്കി യുഡിഎഫ്‌ ഭരണസമിതി ഫലപ്രദമായ നടപടി സ്വീകരിച്ചാൽ മാത്രമേ സ‍ൗജന്യയാത്രാ പദ്ധതി തുടരാനും റോ റോ സർവീസ്‌ കാര്യക്ഷമമായി നടത്താനും സമൃദ്ധി@ജനകീയ ഹോട്ടൽ നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home