കലോത്സവം ഇന്ന് സമാപിക്കും
ഹൈ വോള്‍ട്ടേജില്‍ എറണാകുളം

എച്ച്എസ്എസ് മംഗളംകളി, എസ്എൻഎച്ച്എസ്എസ് പുല്ലംകുളം, നോർത്ത് പറവൂർ
കോലഞ്ചേരി
തര്‍ക്കം, ബഹളം, പൊലീസ് ഇടപെടല്‍... പൊടിപൂരമായി റവന്യു ജില്ലാ കലോത്സവത്തിന്റെ നാലാംദിനം. വിധിപ്രഖ്യാപനത്തെ ചൊല്ലിയുണ്ടാകുന്ന നിരന്തര തര്‍ക്കവും ബഹളവും കലോത്സവത്തിന്റെ ശോഭ കെടുത്തി. ചില തര്‍ക്കങ്ങള്‍ കൈയാങ്കളിയിലേക്കും എത്തി. പോയിന്റ് പട്ടികയില്‍ എറണാകുളം ഉപജില്ലയുടെ മേധാവിത്വമാണ്. 883 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം കപ്പിനോട് അടുത്തു. തുടർച്ചയായ അഞ്ചാംകിരീടമാണ് ലക്ഷ്യം. 841 പോയിന്റുമായി ആലുവ രണ്ടാംസ്ഥാനത്ത് തുടരുന്നു. 836 പോയിന്റോടെ നോർത്ത് പറവൂരാണ് മൂന്നാമത്.
സ്കൂളുകളില്‍ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസ് ഒന്നാമത് തുടരുന്നു. 312 പോയിന്റുമായാണ് കുതിപ്പ്. നിലവിലെ ചാമ്പ്യന്മാരായ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇഎംഎച്ച്എസ് 267 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 233 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസാണ് മൂന്നാമത്. കലോത്സവം ശനിയാഴ്ച സമാപിക്കും.
കഥകളിയിലും നങ്ങ്യാര്‍ക്കൂത്തിലും സാരംഗി
തുടർച്ചയായ രണ്ടാംവർഷവും ഹയർസെക്കൻഡറി വിഭാഗം നങ്ങ്യാർക്കൂത്തിലും കഥകളിയിലും ഒന്നാമതെത്തി സാരംഗി എസ് ശേഖർ. എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ സാരംഗി ഒമ്പതാംവയസ്സുമുതലാണ് കഥകളി അഭ്യസിക്കുന്നത്. കലാമണ്ഡലം അരവിന്ദാണ് കഥകളിയിലെ പരിശീലകൻ. നാലുവർഷമായി കലാമണ്ഡലം രശ്മിയുടെ കീഴിലാണ് നങ്ങ്യാർക്കൂത്ത് പരിശീലിക്കുന്നത്. കെ ബി സോമശേഖരൻ–അഡ്വ. പ്രീത സോമശേഖരൻ ദമ്പതികളുടെ മകളാണ്.
ആശുപത്രിയിലുള്ള അച്ഛന് വൈഗയുടെ സമ്മാനം
അച്ഛന് സനൂപിനുള്ള സമ്മാനമായിരുന്നു മംഗലംകളിയില്‍ വൈഗയുടെ ടീം നേടിയ ഒന്നാംസ്ഥാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽകഴിയുന്ന അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ കണ്ണീരൊളിപ്പിച്ചാണ് വൈഗ കലോത്സവവേദിയിലെത്തിയത്. വൈപ്പിൻ കമ്പനിപ്പടി പുത്തൻവീട്ടിൽ സനൂപ് രണ്ടുദിവസംമുമ്പാണ് വീട്ടിൽ അപസ്മാരംവന്ന് കുഴഞ്ഞുവീണത്. നില ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ പരിശീലനം മുടക്കി വൈഗ അച്ഛന് അരികിലെത്തി.
എന്നാല്‍, മകളുടെ ചുവടുകൾ കാണാൻ കൊതിച്ച അച്ഛന്റെ ആഗ്രഹത്തിനുമുന്നിൽ സങ്കടങ്ങളെ അവൾ തോൽപ്പിച്ചു. അമ്മ മിനുവിന്റെയും ബന്ധുക്കളുടെയും പിന്തുണയോടെ രാവിലെ ടീമിനൊപ്പം ചേരുകയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ എറണാകുളം സെന്റ് ആന്റണീസ് സ്കൂൾ സംഘമാണ് ജേതാക്കളായത്. കാസര്‍കോട് സ്വദേശി നിഥിന്റെ കീഴിലായിരുന്നു പരിശീലനം.
എച്ച്എസ്എസ് പൂരക്കളി, എസ്എൻഡിപി
എച്ച്എസ്എസ് മൂവാറ്റുപുഴ
പൂരം പൊളിച്ചു
പൂരക്കളിയുടെ ചുവടുകൾ തെറ്റാതെ, മികവിന്റെ തുടർച്ചയുമായി ആരക്കുഴ സെന്റ് ജോസഫ്സ് എച്ച്എസ്. എച്ച്എസ് വിഭാഗം പൂരക്കളിയിൽ തുടർച്ചയായ നാലാംവർഷവും ഒന്നാംസ്ഥാനം സ്വന്തമാക്കി സ്കൂൾ അഭിമാനനേട്ടം ആവർത്തിച്ചു. നാലുവർഷമായി സ്കൂളിലെ വിദ്യാർഥികളെ പൂരക്കളി പരിശീലിപ്പിക്കുന്ന സജീഷ് പയ്യന്നൂരിന്റെ ശിക്ഷണത്തിലാണ് വിജയക്കുതിപ്പ്.
എച്ച്എസ്എസ് വിഭാഗത്തിലും സജീഷിന്റെ പരിശീലനമികവ് തിളങ്ങി. സജീഷിന്റെ പരിശീലനത്തിൽ ആദ്യമായി പൂരക്കളിക്ക് ഒരുങ്ങിയ മൂവാറ്റുപുഴ എസ്എൻഡിപി ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് എച്ച്എസ്എസ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം. ആദ്യ അങ്കത്തില്‍ സംസ്ഥാന യോഗ്യത നേടിയത് ഇരട്ടിമധുരമായി. പരിശീലനത്തിനുള്ള സമയവും സാമ്പത്തിക ചെലവും ഏറെയായതിനാൽ പലരും മത്സരരംഗത്തേക്ക് എത്താൻ മടിക്കുന്നതായി പരിശീലകർ പറയുന്നു. ഇത്തവണ എച്ച്എസ് വിഭാഗത്തില്‍ അഞ്ചുടീമുകളാണ് മത്സരത്തിന് എത്താതിരുന്നത്.
അന്ന് മികച്ച നടൻ, ഇന്ന് നടി
രണ്ടുവർഷംമുമ്പ് നാടകത്തില്‍ ആൺവേഷത്തിലെത്തി മികച്ച നടനായി തിളങ്ങിയ പാർവതി നന്ദ, ഇത്തവണ മികച്ച നടിയുടെ പുരസ്കാരം സ്വന്തമാക്കി. ജില്ലാ സ്കൂൾ കലോത്സവത്തിൽ പാർവതിയുടെ അപൂർവ നേട്ടത്തിന് തിളക്കമേറെ. ‘ഒറ്റാൽ കുരുതി' എന്ന നാടകത്തിലെ കാളിയമ്മ എന്ന കഥാപാത്രമാണ് ഇത്തവണ പാർവതിക്ക് പുരസ്കാരം നേടിക്കൊടുത്തത്. വർഷങ്ങളായി സുനിൽ ചന്ദിരൂരിന്റെ ശിക്ഷണത്തിലാണ് നാടകപരിശീലനം. സെന്റ് തെരേസാസ് സിജി എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയായ പാർവതി കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിലും മത്സരിച്ചു. സ്കൂൾ, കോളേജ് നാടകവേദികളിൽ സജീവമായിരുന്ന അച്ഛന് വിനോദ് കൃഷ്ണയ്ക്ക് മകളുടെ നേട്ടം ഇരട്ടി അഭിമാനം. അമ്മ: പ്രിയ. സഹോദരി അശ്വതി നന്ദ മാർഗംകളിയില്‍ മത്സരിച്ചു.
ആബേലിന് ട്രിപ്പിള്‍
മലയാളത്തിന്റെ വാക്കഴകിൽ പ്രസംഗം, ആശയസമ്പന്നതയിൽ ഉപന്യാസം, അഭിനയമികവിൽ മോണോ ആക്ട്. മൂന്നു മത്സരങ്ങളിലും ഒന്നാംസ്ഥാനം നേടി താരമായി കെ എസ് ആബേൽ തോമസ്. മലയാളം പ്രസംഗത്തിൽ തുടർച്ചയായി നാലാംതവണയാണ് ആബേൽ ഒന്നാമതെത്തുന്നത്. ‘കേരളത്തിന്റെയും മലയാളത്തിന്റെയും ഭാവി പ്രതീക്ഷകൾ' എന്ന വിഷയത്തിലായിരുന്നു പ്രസംഗമത്സരം. മോണോ ആക്ടിൽ ജന്തർമന്തറിലെ സമരം, എസ്ഐആർ, നീറ്റ് പരീക്ഷാവിവാദം തുടങ്ങിയ വിഷയങ്ങളെ കോർത്തിണക്കിയ അവതരണം ശ്രദ്ധേയമായി. കഴിഞ്ഞവർഷം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ സംസ്ഥാന പ്രസംഗമത്സരത്തിലും വിജയിയായിരുന്നു. തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിലെ വിദ്യാർഥിയാണ്. ചിറ്റൂർ കുന്നപ്പിള്ളിൽ സന്തോഷ് അഗസ്റ്റിന്റെയും നിക്സിയുടെയും മകനാണ്.







0 comments