ad
Deshabhimani

നഗരത്തിന്റെ മുഖമായി ‘പുതിയ’ ഗാന്ധി പാർക്ക്‌

gandhipark.jpg
avatar
എം പി ലിജു

Published on Oct 20, 2025, 12:00 AM | 1 min read

ചാല

ആയിരക്കണക്കിന് സാംസ്കാരിക പരിപാടികൾക്കും സമര പ്രക്ഷോഭങ്ങൾക്കും വേദിയായ കിഴക്കേകോട്ടയിലെ ഗാന്ധി പാർക്ക് പുതുശോഭയില്‍. സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച ഗാന്ധി പാർക്ക് ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ട ഇടമാണ്. കോർപറേഷൻ സ്മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തുന്നവരുടെയും ചാല കമ്പോളത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെയും പ്രധാന വിശ്രമ കേന്ദ്രമാണ് പാര്‍ക്ക്. നഗരത്തിരക്കുകൾക്കിടയിലെ ഹരിത കേന്ദ്രംകൂടിയാണ്. സ്വാതന്ത്ര്യ സമരങ്ങളുടെ വേദിയായിരുന്നതിനാലാണ് പിൽക്കാലത്ത് ഗാന്ധിജിയുടെ പേരിൽ പാർക്ക്‌ സ്ഥാപിച്ചത്. നവീകരണത്തിന്റെ ഭാഗമായി പാർക്ക്‌ മുഴുവൻ വൈദ്യുതി വിളക്കുകള്‍ സ്ഥപിച്ചിട്ടുണ്ട്. പുതുമോടിയിലെ ചുറ്റുമതിലിൽ മഹാത്മാഗാന്ധിയുടെ ജീവിത സമര മുഹൂർത്തങ്ങൾ വിശദീകരിക്കുന്ന ചിത്രങ്ങളും എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വാചകം എഴുതിയ മഹാത്മജിയുടെ ചിത്രമുള്ള ഗ്ലാസ്‌ ലൈറ്റ് പാനലും സ്ഥാപിച്ചു. പരിപാടികള്‍ക്കായി നവീകരിച്ച വേദി, കുട്ടികൾക്ക് കളിക്കുന്നതിനുള്ള കളിയിടം, ആരോഗ്യ സംരക്ഷകർക്ക് മിനി ജിം, പ്രഭാത നടത്തക്കാർക്കുള്ള നടപ്പാത എന്നിവയും പാർക്കിൽ ഒരുക്കി. ഒരേ സമയം 150 ഓളം കാറുകളും ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനും സാധിക്കും. വിശ്രമിക്കുന്നതിനുള്ള രണ്ട് തുറസ്സായ ഇടങ്ങളില്‍ ധാരാളം പേര്‍ക്ക് സമയം ചെലവഴിക്കാനാകും. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് പാര്‍ക്കിലെ പുതിയ നവീകരണം. പുതുമോടിയിലെ പാര്‍ക്കില്‍ ദിവസവും നിരവധിപേരാണ് എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home