ചിറയിൻകീഴിനൊപ്പം നടക്കാൻ മനോജ് ഇടമന

ചിറയിൻകീഴ് എൽഡിഎഫ് സ്ഥാനാർഥി മനോജ് ബി ഇടമന വോട്ടർമാർക്കൊപ്പം
തിരുവനന്തപുരം: അതിജീവനത്തിന്റെ പോരാട്ട ചരിത്രത്തിനൊപ്പം സമാനതകളില്ലാത്ത വികസനം സാധ്യമാക്കിയ ചിറയിൻകീഴിൽ വികസന തുടർച്ചയ്ക്ക് മനോജ് ബി ഇടമന. കയറിന്റെയും കായലിന്റെയും നാട്ടിലാണ്, കയർപിരി തൊഴിലാളിയായ അമ്മയുടെയും കർഷകനായ അച്ഛന്റെയും മകനായി വളർന്ന പോരാളിയുടെ ആദ്യമത്സരം. ചിറയിൻകീഴിലെ സാമൂഹ്യ-രാഷ്ട്രീയ -സാംസ്കാരിക മേഖലകളിലെല്ലാം നാല് പതിറ്റാണ്ടുകളായി നിറസാന്നിധ്യമാണ് മനോജ് ബി ഇടമന.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി തുടങ്ങിയ യാത്ര ഇന്ന് അഖിലേന്ത്യ ദളിത്-കർഷക തൊഴിലാളി ജനവിഭാഗങ്ങളുടെ നാവാണ്. ആറ്റിങ്ങൽ ഐടിഐ യൂണിയൻ ജനറൽ സെക്രട്ടറി, എഐവൈഎഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ തിളങ്ങി. ബികെഎംയു സംസ്ഥാന സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, അഖിലേന്ത്യ ദളിത് അവകാശ സമിതിയുടെ (എഐഡിആർഎം) സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമാണ്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റുമാണ്.
കിഴുവിലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിലും ജനകീയൻ. ചിറയിൻകീഴ് ജലോത്സവ കമ്മിറ്റി, പ്രേംനസീർ അനുസ്മരണ കമ്മിറ്റി എന്നിവയുടെ നേതൃസ്ഥാനത്തിനൊപ്പം ചിത്തിരത്തോണി ഗ്രന്ഥശാലയുടെ പ്രസിഡന്റായുമുള്ള പ്രവർത്തനത്തിലൂടെ സാംസ്കാരിക മേഖലയിലും സജീവം. അച്ഛൻ: കെ ബാലൻ, അമ്മ: ലീല. ഭാര്യ: ഷീജ. മക്കൾ: അമജേഷ്, അമലേഷ്.
2011ൽ രൂപീകരിച്ചതുമുതൽ ചിറയിൻകീഴ് ഇടതുപക്ഷത്തിനൊപ്പമാണ്. പത്ത് വർഷമായി വി ശശിയായിരുന്നു എംഎൽഎ. 2021ൽ 14,017 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു വി ശശിയുടെ വിജയം. തോന്നയ്‌ക്കലിൽ സർക്കാർ പടുത്തുയർത്തിയ വൈറോളജി ഗവേഷണകേന്ദ്രം, തീരദേശ ഹൈവേ, ദേശീയജലപാത, റെയിൽവേ മേൽപ്പാലം, താലൂക്ക് ആശുപത്രിക്ക് കെട്ടിടം എന്നിങ്ങിനെ 3000 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തിലെത്തിയത്.









0 comments