നെടുമങ്ങാട് നഗരത്തിൽ വൻ തീപിടിത്തം
2 കോടിയുടെ നഷ്ടം

കത്തിയമർന്ന റോജ ടെക്‌സ്‌റ്റൈൽസും കോക്‌ടെയിൽ വസ്ത്രവ്യാപാര കേന്ദ്രവും
നെടുമങ്ങാട്
നെടുമങ്ങാട് നഗരത്തിൽ തിങ്കൾ വെെകിട്ടുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പ്രമുഖ വസ്ത്രശാലകളും സ്വർണക്കടയും മൊബൈൽഷോപ്പും കത്തിനശിച്ചു. ആളപായമില്ല. രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടം. വൈകിട്ട് 6.45നാണ് ആദ്യം തീപടർന്നത്. മാർക്കറ്റ് ജങ്ഷനു സമീപമുള്ള കോക്‌ടെയിൽ വസ്ത്രവ്യാപാര കേന്ദ്രം, റോജ ടെക്‌സ്‌റ്റൈൽസ്, ജെവിഎം മൊബൈൽസ്, കുമാർ ജ്വല്ലറി എന്നിവയാണ് കത്തിനശിച്ചത്. കോക്‌ടെയിൽ സ്ഥാപനത്തിനു സമീപത്തെ വൈദ്യുത പോസ്റ്റിൽ കുരുങ്ങിക്കിടക്കുന്ന കേബിളുകൾക്കിടയിലുണ്ടായ ഷോർട് സർക്യൂട്ടാണ് വൻ തീപിടിത്തത്തിൽ കലാശിച്ചത്. പോസ്റ്റിൽനിന്ന് തീപ്പൊരി കോക്‌ടെയിലിലെ എസിയിലേക്ക് തെറിച്ചു. തൊട്ടടുത്തനിമിഷം തീ ആളിക്കത്താൻ തുടങ്ങി. ജീവനക്കാർ ഇറങ്ങിയോടിയതോടെ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് റോജാ ടെക്‌സ്‌റ്റൈൽസിലേക്ക് തീ പടർന്നു. റോജ നിമിഷങ്ങൾക്കകം പൂർണമായും കത്തിനശിച്ചു. കോക്‌ടെയിലിൽ തീ പടർന്നപ്പോഴേ റോജയിലെ ജീവനക്കാരും ഉപഭോക്താക്കളും പുറത്തിറങ്ങിയിരുന്നു. നിയന്ത്രണാതീതമായ തീ ജ്വല്ലറിയിലേക്കും മൊബൈൽ ഷോപ്പിലേക്കും പടരുകയായിരുന്നു. ഉടൻ നെടുമങ്ങാട് നഗരസഭാ അധികൃതർ അഗ്നിരക്ഷാ സേനയെ അറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും നാലു സ്ഥാപനവും പൂർണമായും കത്തിനശിച്ചു. നെടുമങ്ങാട്, വിതുര, വെഞ്ഞാറമൂട്, ചെങ്കൽച്ചൂള യൂണിറ്റുകളിൽനിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒരു മണിക്കൂറിലേറെയെടുത്താണ് തീ നിയന്ത്രിക്കാനായത്. ജി ആർ അനിൽ എംഎൽഎ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ആർ ജയദേവൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷ്, ജെ എസ് ഷിജൂഖാൻ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.









0 comments