റെയിൽവേ ടിക്കറ്റ് പരിശോധന ഡ്രൈവ് ഒക്ടോബർ ഒന്ന് മുതൽ; എന്തെല്ലാം കൈയിൽ കരുതണം?

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: ടിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക ടിക്കറ്റ് പരിശോധന ഡ്രൈവ് നടത്താൻ ഇന്ത്യൻ റെയിൽവേ. കൺസെഷൻ നിരക്കുകൾ, ഫിക്സഡ് റിസർവേഷൻ ക്വാട്ടകൾ, റെയിൽവേ പാസുകൾ എന്നിവയിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ പ്രത്യേക പരിശോധന ഒക്ടോബർ ഒന്ന് മുതലാണ് ആരംഭിക്കുക.
ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ സെൻട്രൽ റെയിൽവേ ശൃംഖലയിലുടനീളം ഈ ഡ്രൈവ് നടക്കും, ലോക്കൽ ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് പുറമെ ഇളവുകൾ, റിസർവേഷൻ ക്വാട്ടകൾ, റെയിൽവേ പാസുകൾ എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർ അവയ്ക്ക് യഥാർത്ഥത്തിൽ യോഗ്യരാണോ എന്ന് റെയിൽവേ ജീവനക്കാർ പരിശോധിക്കും.
ടിക്കറ്റ് പരിശോധനാ ജീവനക്കാർക്ക് ടിടിഇ ആപ്പ് ഉപയോഗിക്കാനുള്ള അവകാശവും ഡ്രൈവിന്റെ ഭാഗമായി റെയിൽവേ നൽകുന്നുണ്ട്. കൺസഷൻ ടിക്കറ്റുകളിലോ നിർദ്ദിഷ്ട റിസർവേഷൻ ക്വാട്ടയിലോ യാത്ര ചെയ്യുന്ന യാത്രക്കാർ അവരുടെ യോഗ്യത തെളിയിക്കാനാവശ്യമായ യഥാർത്ഥ തിരിച്ചറിയൽ രേഖ കൈയിൽ സൂക്ഷിക്കണം.
ആധാർ, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ്, കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, അംഗീകൃത സ്കൂൾ അല്ലെങ്കിൽ കോളേജ് നൽകിയ ഫോട്ടോ പതിച്ച വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ലാമിനേറ്റഡ് ഫോട്ടോയുള്ള ബാങ്ക് നൽകിയ ക്രെഡിറ്റ് കാർഡ് എന്നിവയുടെ ഫോട്ടോകോപ്പി അല്ലാത്ത യഥാർത്ഥ രേഖയും കൈയിൽ കരുതിയിരിക്കണം.
ഇ-പാസ് അല്ലെങ്കിൽ പ്രിവിലേജ് ടിക്കറ്റ് ഓർഡർ (പിടിഒ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും രേഖകൾ ഹാജരാക്കണം.








0 comments