Deshabhimani

പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റു; നിലമ്പൂരിൽ കടയിലെ രണ്ടുപേർക്കെതിരെ കേസ്

cig under 18
വെബ് ഡെസ്ക്

Published on Sep 29, 2026, 03:51 PM | 1 min read

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സിഗരറ്റ് വിറ്റെന്ന പരാതിയിൽ നിലമ്പൂർ ടൗണിലെ ഒരു കടയിലെ രണ്ടുപേർക്കെതിരെ കേസ്. കടയിലുണ്ടായിരുന്ന മജീദ് (56), ഷിഹാബുദ്ദീൻ (42) എന്നിവരാണ് പ്രതികൾ.


ചൊവ്വാഴ്ച പുലർച്ചെ 1.40-ന് രാത്രി പട്രോളിങ്ങിനിടെ നിലമ്പൂർ എസ്ഐ അർഷിദ് കെ എമ്മും സംഘവുമാണ് സംഭവം കണ്ടെത്തിയത്. ടൗണിലെ ഒരു മില്‍മ സ്ഥാപനത്തിന് സമീപം മൂന്നുപേർ സിഗരറ്റ് വലിക്കുന്നത് കണ്ട് പൊലീസ് വാഹനം നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽ രണ്ടുപേർ 17 വയസ്സുള്ളവരാണെന്നും ഒരാൾക്ക് 18 വയസ്സാണെന്നും രേഖകൾ പരിശോധിച്ചതിൽ വ്യക്തമായി.


സിഗരറ്റ് വാങ്ങിയത് ഈ കടയിൽ നിന്നാണെന്ന് കുട്ടികൾ പറഞ്ഞു. കടയിലെത്തിയ പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ തങ്ങളാണ് പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതെന്ന് ഇരുവരും സമ്മതിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. ഇവർക്ക് ബി.എൻ.എസ്.എസ് 35 വകുപ്പ് പ്രകാരം നോട്ടീസ് നൽകി. കുട്ടികൾ വലിക്കാൻ ഉപയോഗിച്ച, പാതി കത്തിയ ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് പുലർച്ചെ 2.30-ന് സാക്ഷികളുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് സ്റ്റേഷനിൽ ഹാജരാക്കി.


കേരള പൊലീസ് ആക്ട് 118(i), സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (കോട്പ) 6, 24 വകുപ്പുകൾ പ്രകാരമാണ് കേസ് (എഫ്.ഐ.ആർ നമ്പർ 852/2026). പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ രതീഷ് കെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home