സന്തോഷമാക്കാം സായാഹ്നം

സ്റ്റേഷൻ കടവിലെ ഡോ. എ പി ജെ അബ്ദുൽകലാം പാർക്ക്
എസ് ഒ ദിനു
Published on Nov 09, 2025, 12:00 AM | 1 min read
കഴക്കൂട്ടം
ജീവിത തിരക്കുകൾക്കിടെ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ചെലവഴിക്കാൻ ഒരിടം. അതിനായി പള്ളിത്തുറക്കാർക്ക് ഇനി നഗരത്തിലേക്ക് വണ്ടി കയറേണ്ട. വിശ്രമത്തിനും വിനോദത്തിനും ഒപ്പം നൈറ്റ് ലൈഫിനും സൗകര്യമൊരുക്കി പള്ളിത്തുറയിലുണ്ട് ഡോ. എ പി ജെ അബ്ദുൽകലാം പാർക്ക്. സ്റ്റേഷൻകടവ് ജങ്‌ഷനിൽ നിർമിച്ച പാർക്കിൽ നഗരത്തിന്റെ ബഹളങ്ങളിൽനിന്നൊഴിഞ്ഞ് കുടുംബത്തിനൊപ്പം സമയം ചെലവിടാനാകുമെന്ന് സ്റ്റേഷൻകടവ് സ്വദേശി ഷിബുവിന്റെ വാക്കുകൾ. നഗരസഭാ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവിട്ടാണ് പാർക്ക് നവീകരിച്ചത്. വിഎസ്എസ്‌സി, ഐഎസ്ആർഒ ജീവനക്കാർ, ടെക്കികൾ, തീരദേശവാസികൾ, കർഷകർ, ചുമട്ടുതൊഴിലാളികൾ തുടങ്ങി നിരവധിപേരാണ് പാർക്കിൽ സമയം ചെലവിടാൻ എത്തുന്നത്. പ്രഭാത – സായാഹ്ന നടത്തത്തിന് പാർക്കിന് ചുറ്റും ഓട് വിരിച്ച വിശാലമായ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. വിഎസ്എസ്‌സി ഉടമസ്ഥതയിലുള്ള നഗരസഭാ പാർക്കിൽ അലങ്കാരമത്സ്യങ്ങളുള്ള കുളം, ഇരിപ്പിടങ്ങൾ, കല്ലുപാകിയ നടപ്പാതകൾ, എൽഇഡി ലൈറ്റുകൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ഓപ്പൺ സ്റ്റേജ് എന്നിവയും സജ്ജം. സമീപത്തായി അബ്ദുൽ കലാമിന്റെ പ്രതിമയും ലൈബ്രറിയും. ശിൽപ്പി ഉണ്ണി കാനായി ആണ് 12 അടിയിലധികമുള്ള പ്രതിമ നിർമിച്ചത്. പൊതുജനങ്ങൾക്ക് ഒത്തുചേരാനും പത്രവും പുസ്തകങ്ങളും വായിക്കാനും ലൈബ്രറിയിലും സൗകര്യങ്ങളുണ്ട്.











0 comments